എറണാകുളം: കൊച്ചിയിലെ കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറയിലെ അത്താഘോഷങ്ങള്‍ മഴയില്‍ മുങ്ങി. ശക്തമായ മഴയിൽ അത്തം നഗറും പരിസരവും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. അതേസമയം പ്രതികൂല കാലാവസ്ഥയിലും ആഘോഷങ്ങള്‍ നടത്താനാവുമെന്ന പ്രതീക്ഷ മുൻസിപ്പൽ ചെയർപേഴ്‌സൺ രമ സന്തോഷ് പങ്കുവച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കൊവിഡ് കാരണം അത്താഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇത്തവണ ഘോഷയാത്ര ഗംഭീരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. അതേസമയം വെള്ളക്കെട്ട് രൂപപ്പെട്ടതിന് പ്രധാന കാരണം മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്‌ച സംഭവിച്ചതാണെന്ന ആരോപണവും ഉയരുന്നുണ്ട്.
കൊച്ചി നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാന്‍റ്, എം ജി റോഡ്, ഹൈക്കോടതി ജങ്‌ഷൻ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത കുരുക്കിന് കാരണമായി.