എറണാകുളം: പേപ്പർ അടുക്കുകൾ മുറിച്ച് മാറ്റി ചേർത്ത് വച്ച് മൂവാറ്റുപുഴ സ്വദേശി രാഹുൽ സ്വന്തമാക്കിയത് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സിന്‍റെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിന്‍റെയും അംഗീകാരം.
പേപ്പർ അടുക്കുകൾ മുറിച്ച് മാറ്റി നിഴൽ ചിത്രങ്ങൾ നിർമിച്ചാണ് രാഹുൽ റെക്കോഡുകൾ സ്വന്തമാക്കിയത്. അതിന് കാരണമായത് ലോക്ക്ഡൗണും. സ്കൂൾ പഠന കാലത്തെ കഴിവുകൾ പൊടി തട്ടിയെടുത്ത രാഹുൽ ഇഷ്ടതാരം മോഹൻ ലാലിന്‍റെ മുഖമാണ് ആദ്യം നിഴല്‍ ചിത്രമായി മാറ്റിയെടുത്തത്.
പഠനം ഇന്‍റർനെറ്റില്‍
മടക്കത്താനം പുളിക്കൽ വീട്ടിൽ സുനിതയുടെയും പരേതനായ രാധാകൃഷ്ണന്‍റെയും മകൻ രാഹുൽ ഇന്‍റർനെറ്റിലൂടെയാണ് പേപ്പറിന്‍റെ ലെയർ കട്ടിങ് വിദ്യ അഭ്യസിച്ചത്. മോഹൻലാലിന്‍റെ മുഖം നിഴല്‍ ചിത്രമാക്കാൻ ആദ്യം നടത്തിയ ശ്രമം വിജയിച്ചു.
പിന്നീട് പല താരങ്ങളുടെയും നിഴൽ ചിത്രങ്ങൾ പിറന്നു. ഏഴു പേപ്പറുകളുടെ അടുക്കിൽ അതിസൂക്ഷ്‌മതയോടെ മുറിച്ചു മാറ്റലുകൾ നടത്തി വേണം ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കാൻ. പഠനകാലത്ത് ചിത്രരചനയോടുണ്ടായിരുന്ന അഭിരുചി രാഹുലിന് സഹായമായി.
ചിത്രം മോഹൻ ലാലിനെ നേരിട്ട് ഏൽപ്പിക്കണം
പിതാവിന്‍റെ അകാലമരണത്തോടെ കുടുംബ ഭാരം താങ്ങാനായി വയറിങ്, പ്ളംബിങ് ജോലികളിൽ സഹായിയായി പോകുന്ന രാഹുൽ ഒഴിവു സമയങ്ങളിലാണ് നിഴല്‍ ചിത്രങ്ങൾ ഒരുക്കുന്നത്. പേപ്പർ കഷണങ്ങൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കൾ നിർമിക്കുന്ന സഹോദരി രാധികയുടെ സഹായവും രാഹുലിനുണ്ട്.
റെക്കോഡിന് അർഹമായ മോഹൻലാലിന്‍റെ ചിത്രം നേരിട്ട് അദ്ദേഹത്തെ നേരിട്ട് ഏൽപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് കടുത്ത മോഹൻലാൽ ആരാധകനായ രാഹുൽ പറയുന്നു.
Also Read: 20 കോടിയിലധികം ആളുകൾക്ക് ലഹരിയുമായി ബന്ധമെന്ന് കേന്ദ്രമന്ത്രി രത്തൻ കട്ടാരിയ