എറണാകുളം: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുൻ ചോദ്യം ചെയ്യലിനെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അര്‍ജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.
രാമനാട്ടുകര വാഹന അപകടത്തിന് പിന്നാലെ സ്വർണക്കടത്ത് പുറത്തു വന്നതോടെയാണ് അർജുൻ ആയങ്കിയിലേക്ക് അന്വേഷണം നീങ്ങിയത്. കരിപ്പൂർ സ്വർണ്ണക്കടത്തിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. സ്വർണം കടത്തിയ മലപ്പുറം സ്വദേശി ഷഫീഖിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മുഖ്യ ആസൂത്രകൻ അർജുനാണെന്ന് വ്യക്തമായത്.
Also Read: കരിപ്പൂർ വിമാന സ്വർണകടത്ത്; അർജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്
അതേസമയം, കേസില്‍ അർജുന്‍റെ സുഹൃത്തും, സ്വർണക്കടത്തിനായി ഉപയോഗിച്ച കാറിന്‍റെ ഉടമയുമായ സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണ കടത്തുമായി സജേഷിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. സ്വർണക്കടത്ത് ഇടപാടുകള്‍ക്കായി ഉപയോഗിച്ച കാർ ഇന്നലെ(ജൂണ്‍ 27) പരിയാരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
Also Read: കരിപ്പൂർ സ്വർണക്കടത്ത് : അർജുൻ ആയങ്കി ഉപയോഗിച്ച കാർ കണ്ടെത്തി