എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പുനരവലോകനമോ പുനർവിചിന്തനമോ നടത്തണമെന്ന് സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാജ്യത്ത് എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും അതിനെ വർഗീയവൽക്കരിക്കുകയോ മതങ്ങൾ തമിലുള്ള പ്രശ്നമോ അന്തര്‍ സംസ്ഥാന പ്രശ്നമോ ആയി അതിനെ മാറ്റിയെടുക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെകുറിച്ചുള്ള സഭയുടെ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ക്രിസ്‌മസ് സന്ദേശം നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപമാനിക്കപ്പെടുന്ന സ്ത്രീത്വം, ലഹരിയിലാഴുന്ന യുവത്വം, ജാതിയുടെയും മതത്തിന്‍റേയും പേരിലുള്ള പോരാട്ടങ്ങൾ, ഭ്രൂണഹത്യ, ആൾക്കൂട്ടകൊലകൾ, രാഷ്ട്രീയ പോരാട്ടങ്ങൾ ഇവയെല്ലാം ജീവിതത്തെ ദുസഹമാക്കുന്ന കാലഘട്ടമാണിത്. യേശുവിന്റെ ജനനത്തോടനുബന്ധിച്ചുള്ള കഷ്ടതകളുടെ കഥ ഇന്നും തുടരുന്നു. യാതനകളുടെ നടുവിലാണ് ഇന്നും ജനങ്ങൾ കഴിയുന്നതെന്നും ക്രിസ്‌മസ് സന്ദേശത്തിൽ ആലഞ്ചേരി പറഞ്ഞു. ക്രിസ്‌മസിന് സന്തോഷത്തോടൊപ്പം പരസ്പര സൗഹാർദവും വളര്‍ത്തിയെടുക്കണമെന്ന് മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.