എറണാകുളം: സ്‌ത്രീധനത്തിന്‍റെ പേരിൽ കൊച്ചിയിൽ യുവാവ് ഭാര്യയെയും ഭാര്യപിതാവിനെയും ക്രൂരമായി മർദിച്ച കേസിൽ സർക്കാരിന്‍റെ നിലപാട് ചോദിച്ച് ഹൈക്കോടതി. വിഷയത്തിൽ പബ്ലിക് പ്രോസിക്യൂട്ടറോട് സർക്കാരിന്‍റെ നിലപാട് ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. കേസിലെ പ്രതി ജിപ്‌സന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.
പച്ചാളം സ്വദേശിയായ പ്രതി ജിപ്‌സൻ ഭാര്യയെയും ഭാര്യപിതാവ് ജോർജിനെയും ശാരീരികോപദ്രവം ഏൽപ്പിച്ചെന്നാണ് കേസ്. ഈ വർഷം ഏപ്രിലിലാണ് ഇരുവരുടെയും വിവാഹം നടന്നത്. രണ്ട് പേരുടേതും രണ്ടാം വിവാഹമായിരുന്നു. അഭിഭാഷകനായ സി.എ ചാക്കോ ഫയൽ ചെയ്‌ത മുൻകൂർ ജാമ്യാപേക്ഷയിൽ ജിപ്‌സൺ നിരപരാധിയാണെന്ന് അവകാശപ്പെടുകയും ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്‌തിട്ടുണ്ട്.
സ്വർണം നൽകാത്തതിനെ തുടർന്ന് പീഡനം
വിവാഹം കഴിഞ്ഞ് ഒരാഴ്‌ച പിന്നിടുമ്പോൾ തന്നെ ജിപ്‌സനും അമ്മയും ചേർന്ന് കൈവശമുള്ള അമ്പത് പവൻ സ്വർണാഭരണം ആവശ്യപ്പെട്ടെങ്കിലും യുവതി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നാണ് ആരോപണം. രാത്രി സമയങ്ങളിൽ വായ പൊത്തി പിടിച്ച് അടിവയറ്റിനും നടുവിനും മർദിക്കുമായിരുന്നുവെന്നും പരാതിയുണ്ട്. ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും ജിപ്‌സന്‍റെ പീഡനത്തെ കുറിച്ച് ഭർതൃമാതാവിനോട് പരാതിപ്പെട്ടിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.
READ MORE: സ്ത്രീധന പീഡനം; എറണാകുളത്ത് യുവതിക്ക് ക്രൂര പീഡനം, പിതാവിന്‍റെ കാൽ തല്ലിയൊടിച്ചു