എറണാകുളം: കെ റെയിൽ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി നിയമസഭ വളയുമെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. അടുത്ത നിയമസഭ സമ്മേളനം നടക്കുന്ന സമയത്തായിരിക്കും സമരസമിതി പ്രവർത്തകർ നിയമസഭ വളയുക. സിൽവർ ലൈൻ വിരുദ്ധ സമരം ശക്തമാക്കാൻ തീരുമാനിച്ചതായി നേതൃയോഗത്തിന് ശേഷം ഭാരവാഹികൾ വ്യക്തമാക്കി.
സിൽവർലൈൻ പദ്ധതി കേരളത്തിലെ ജനങ്ങൾക്കും, പരിസ്ഥിതിക്കും ഇപ്പോഴുമൊരു ഭീഷണിയായി നിലനിൽക്കുന്ന സാഹചര്യത്തിൽ, പദ്ധതിക്കെതിരായ സമരങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് യോഗം വിലയിരുത്തിയത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ ഒരു കോടി ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. കേരളത്തിലെ ജനങ്ങളെയാകെ ഇതിന്‍റെ ഭാഗമായി അണിനിരത്തും.
സംസ്ഥാന തലം മുതൽ പ്രാദേശിക തലം വരെ ഒപ്പുശേഖരണ പരിപാടിയുടെ ഉദ്ഘാടനം നടത്തും. പ്രാദേശികമായ സമര പരിപാടികൾ സംഘടിപ്പിക്കും. കെ റെയിൽ വരില്ല കേട്ടോ, തൃക്കാക്കര വീണ്ടും ആവർത്തിക്കുമെന്നതായിരിക്കും പ്രതിഷേധ പരിപാടികളുടെ മുദ്രാവാക്യമായി അവതരിപ്പിക്കുക.
പദ്ധതിക്കെതിരെ റെയിൽവേയ്ക്ക് പരാതി നൽകും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതി പിൻവലിച്ചതായി മുഖമന്ത്രി തന്നെ പ്രഖ്യാപിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. പ്രതിഷേധിച്ച ജനങ്ങളുടെ പേരിൽ നിയമ വിരുദ്ധമായി ചാർജ് ചെയ്‌തിട്ടുള്ള എല്ലാ കേസുകളും പിൻവലിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾക്ക് യോഗം രൂപം നൽകിയത്.
ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ സമരം തുടരും. പദ്ധതിക്ക് കേന്ദ്രാനുമതിയും, സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധിയും ലഭിച്ചാൽ പോലും പദ്ധതിക്കെതിരെ സമരം തുടരുമെന്നും സമര സമിതി അറിയിച്ചു. സിൽവർ ലൈൻ കടന്നുപോകുന്ന തിരുവനന്തപുരം മുതൽ കാസര്‍കോട് വരെയുള്ള 11 ജില്ലകളിലെ സമിതി ഭാരവാഹികളും, സംസ്ഥാന സമിതി അംഗങ്ങളുമാണ് യോഗത്തിൽ പങ്കെടുത്തത്.