എറണാകുളം: കൊച്ചിയിൽ എൻഐഎയുടെ പിടിയിലായ അൽഖ്വയ്‌ദ ഭീകരരെ ഡൽഹിയിലെത്തിക്കും. പ്രതികളെ മജിസ്ടേറ്റിന് മുന്നിൽ ഹാജരാക്കി. ഇവരെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് കൊവിഡ് പരിശോധന നടത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കിയത്. പ്രതികളെ ഡൽഹിയിൽ കോടതിയിൽ ഹാജരാക്കുന്നതിനുള്ള ട്രാൻസിസ്റ്റ് വാറന്‍റ് പുറത്തിറക്കുന്നതിനുള്ള അപേക്ഷ നൽകി. നിലവിൽ പ്രതികൾ കൊച്ചിയിലെ എൻഐഎ കാര്യാലയത്തിലാണുള്ളത്.
മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പുലർച്ചെ രണ്ടു മണിയോടെ കൊച്ചിയിൽ വെച്ച് പിടിയിലായത്. പെരുമ്പാവൂർ, ഏലൂർ പാതാളം, കളമശേരി എന്നിവിടങ്ങളിൽ പുലർച്ചെ നടത്തിയ റെയ്‌ഡിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെല്ലാം പശ്‌ചിമബംഗാൾ സ്വദേശികളാണ്. ഇവരിൽ നിന്നും ലാപ്പ്ടോപ്പും ലഘുലേഖകളും പിടിച്ചെടുത്തു. നിർമ്മാണത്തൊഴിലാളികളെന്ന വ്യാജേന കൊച്ചിയിൽ തങ്ങി, അൽഖ്വയ്‌ദ മോഡൽ ആക്രമണത്തിന് തയ്യാറെടുക്കുന്നവരായിരുന്നു പ്രതികളെന്ന് എൻഐഎ അറിയിച്ചു. ഒരാൾ പെരുമ്പാവൂരും രണ്ടു പേർ ഏലൂർ പാതാളത്തുമാണ് താമസിച്ചിരുന്നത്. ആലുവ റൂറൽ പൊലീസിന്‍റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്‍റെയും സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഖ്വയ്‌ദ ഗ്രൂപ്പിൽ നിന്ന് പ്രതികൾക്ക് നേരിട്ട് പരിശീലനവും നിർദ്ദേശവും ലഭിച്ചിരുന്നതായും എൻഐഎ വ്യക്തമാക്കി. എൻഐഎ ഡൽഹി യൂണിറ്റ് ഈ മാസം പതിനൊന്നിനാണ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങിയത്. തുടരന്വേഷണത്തിൻ്റെ ഭാഗമായാണ് പ്രതികളെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്.