കൊച്ചി: സഭയ്‌ക്കെതിരായ പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും എഫ്.സി.സി മദര്‍ സുപ്പീരിയറിന്റെ കത്ത്. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് കത്തിലെ പരാമർശം. മാധ്യമങ്ങളിലൂടെ നിരുപാധികം മാപ്പ് പറയണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.സഭയിൽ നിന്ന് പുറത്താക്കിയതിന് എതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളിയതിന് പിന്നാലെയാണ് വീണ്ടും ഭീഷണിയുമായി സഭ രംഗത്തെത്തിയിരിക്കുന്നത്. സഭാ അധികൃതർക്കെതിരെ നൽകിയ പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് എഫ്‍.സി.സി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫ് കത്ത് അയച്ചിരിക്കുന്നത്.
മഠത്തില്‍ നിന്നും പുറത്താക്കിയ നടപടി ചോദ്യം ചെയ്താണ് ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കിയത്. തനിക്കെതിരെ നടക്കുന്നത് അസത്യപ്രചാരണങ്ങളാണെന്ന് സിസ്റ്റർ ലൂസി വത്തിക്കാന് നല്‍കിയ അപ്പീലില്‍ വ്യക്തമാക്കിയിരുന്നു. സഭയെ മോശമാക്കുന്ന വിധത്തില്‍ ദൈവ വചനത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തന്നെ അന്യായമായി പുറത്താക്കാനുള്ള നടപടി ഒഴിവാക്കാന്‍ ഇടപെടണമെന്നും തുടര്‍ന്നും സന്യസ്ത സഭയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വത്തിക്കാന് നല്‍കിയ വിശദീകരണ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.