എറണാകുളം: അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകുന്ന നിയമോപദേശം വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. എജിയും സർക്കാരും തമ്മിൽ വിശ്വാസത്തിൽ അധിഷ്‌ഠിതമായ അഭിഭാഷക-കക്ഷി ബന്ധമാണുള്ളതെന്ന് ഹൈക്കോടതി. ലാവ്‌ലിൻ കേസിൽ എജി നൽകിയ നിയമോപദേശത്തിന്‍റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്.
നിർണായക വിഷയങ്ങളിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശം തേടാറുണ്ട്. അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകുന്ന നിയമോപദേശങ്ങൾ രഹസ്യ സ്വഭാവമുള്ളതായിരിക്കും. അതിന് നിയമത്തിന്‍റെ സംരക്ഷണമുണ്ട്. അതിനാൽ എജി അതാത് സർക്കാരുകൾക്ക് നൽകുന്ന നിയമോപദേശങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ല. മാത്രവുമല്ലാ, ഈ വിശദാംശങ്ങൾ പുറത്തു കൊടുക്കാനുമാകില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്‌ണൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
ലാവ്‌ലിൻ കേസിൽ എജി സർക്കാരിന് നൽകിയ നിയമോപദേശത്തിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് 2009ൽ കണ്ണൂർ സ്വദേശി അപേക്ഷ സമർപ്പിച്ചിരുന്നു. നിയമോപദേശത്തിന്‍റെ പകർപ്പ് നൽകാനാവില്ലെന്നായിരുന്നു ഇതിന് എജിയുടെ ഓഫിസിന്‍റെ മറുപടി. തുടർന്നുള്ള അപ്പീലിൽ നിയമോപദേശത്തിന്‍റെ പകർപ്പ് അപേക്ഷകന് നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിടുകയും ചെയ്‌തു.
ഇതിനെതിരെ എജിയുടെ ഓഫിസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എജിയുടെ നിയമോപദേശത്തിന്‍റെ പകർപ്പ് നൽകണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി.