എറണാകുളം: ഇടതുമുന്നണിയിലെ അഡ്വ. എം അനിൽ കുമാർ കൊച്ചി മേയറായി തെരെഞ്ഞെടുക്കപ്പെട്ടു. കൊച്ചി കോർപ്പറേഷന്‍റെ ഇരുപത്തി എഴാമത് മേയറാണ് അഡ്വ. എം അനിൽ കുമാർ. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുമെന്ന് മേയറായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൻ എം അനിൽകുമാർ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കും. പാവങ്ങളുടെ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയമാണ് ആദ്യമായി ഏറ്റെടുക്കുകയെന്നും കൊച്ചിയെ മികച്ച സാംസ്‌കാരിക നഗരമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വികേന്ദ്രീകരണ മാലിന്യ സംസ്‌കരണത്തിന് ഊന്നൽ നൽകും. മാലിന്യം കുന്നു കൂട്ടി അതിന്‍റെ പേരിൽ അഴിമതി നടത്തുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 32 നെതിരെ 36 വോട്ടുകൾക്കാണ് എം അനിൽകുമാറിന്‍റെ ജയം. എൽഡിഎഫ് 36, യുഡിഎഫ് 32 എന്നിങ്ങനെയാണ് വോട്ട് നേടിയത്.
ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് രണ്ടാം ഘട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് എം അനിൽകുമാർ ഭൂരിപക്ഷം നേടി മേയറായത്. നോർത്ത് എളമക്കര വാർഡിൽ നിന്നാണ് അനിൽകുമാറിന്‍റെ ജയം. 2000 മുതൽ 2015 വരെ കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു. 2008 മുതൽ 2010 വരെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്. നിലവിൽ എം ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗമാണ്.
രണ്ടാം ഘട്ട തെരെഞ്ഞെടുപ്പിൽ നിന്നും എൻഡിഎ വിട്ടു നിന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ എൻഡിഎ അഞ്ച് വോട്ടുകൾ നേടി. ഇരുപത്തിമൂന്നാം ഡിവിഷനിലെ സിപിഎം വിമതൻ കെപി ആന്‍റണി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. തെരഞ്ഞെടുപ്പിന് ശേഷവും ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കൊച്ചിയിൽ ഭരണം നിലനിർത്താൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. എന്നാൽ കോൺഗ്രസ് വിമതന്‍റെയുൾപ്പെടെ നിരുപാധിക പിന്തുണയോടെ ഇടതുമുന്നണി അധികാരത്തിലെത്തുകയായിരുന്നു.