എറണാകുളം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിൽ സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കർശന നടപടി എടുക്കാൻ നിർബന്ധിതമാക്കരുതെന്ന് സമരക്കാര്‍ക്ക് കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നാണ് കോടതി നിർദേശം. തുറമുഖ നിർമാണ പ്രവർത്തനങൾ പൂർണമായും തടസപ്പെട്ടുവെന്നും സമരം അക്രമാസക്തമാകുന്ന സാഹചര്യമാണുള്ളതെന്നും അദാനി ഗ്രൂപ്പും കരാർ കമ്പനിയും കോടതിയെ അറിയിച്ചിരുന്നു.
സെപ്റ്റംബർ ഒന്നിനാണ് വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്നായിരുന്നു കോടതി നിർദേശം. ഉത്തരവിന്മേലുള്ള നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി ഇന്ന് വരെ സമയം നൽകിയിരുന്നു.
തുറമുഖ നിർമാണ പ്രദേശത്തെ റോഡിലെ തടസങ്ങളടക്കം നീക്കണമെന്ന ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്നാണ് കോടതിയുടെ നിലപാട്. റോഡ് ഉപരോധത്തിന്‍റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സിംഗിൾ ബഞ്ച് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.