എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് സമർപ്പിച്ച ഹര്‍ജിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് നീക്കം.
കേസില്‍ കക്ഷി ചേരാന്‍ അനുമതി നല്‍കണമെന്നാണ് നടിയുടെ ആവശ്യം. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത തിങ്കളാഴ്ച്ചയിലേക്ക് മാറ്റി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണം റദ്ദാക്കണമെന്നാണ് ദിലീപിന്റെ ഹര്‍ജി.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് കെട്ടിച്ചമച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിൻ തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുള്ള വ്യക്തി വിരോധമാണ് തുടരന്വേഷണത്തിലേക്ക് നയിച്ചത്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് ആരോപിക്കുന്നു.
Also Read: അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഗൂഢാലോചന : എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ്
ഹര്‍ജി നേരത്തെ പരിഗണിച്ച കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് തുടരന്വേഷണം നടത്തുന്നതായി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുമുണ്ട്.
തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ആറുമാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലുംഒരു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് തുടരന്വേഷണവും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.