കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ, മൂന്നാം പ്രതി മണികണ്ഠൻ എന്നിവര്‍ നൽകിയ അപേക്ഷകളിലും വിചാരണ കോടതി ഇന്ന് വിധി പറയും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സാങ്കേതിക വിദഗ്‌ധന്‍റെ സാന്നിധ്യത്തിൽ പത്തൊമ്പതാം തീയതി പരിശോധിക്കാൻ അനുവദിക്കണമെന്ന ദിലീപിന്‍റെ ആവശ്യവും കോടതി പരിഗണിക്കും. ദൃശ്യങ്ങൾ പരിശോധിക്കാൻ നേരത്തെ പതിനെട്ടാം തീയതിയാണ് അനുവദിച്ചിരുന്നത്. എന്നാൽ ദിലീപിന്റെ അഭിഭാഷകനായ രാമൻ പിള്ള അസൗകര്യം അറിയിക്കുകയായിരുന്നു.
കോടതി നിർദേശപ്രകാരം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്‍റെ പേരുവിവരങ്ങൾ ഇന്നലെ ദിലീപ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതോടൊപ്പം ദൃശ്യങ്ങൾ മറ്റു പ്രതികളുടെ കൂടെയല്ലാതെ കാണണമെന്നും, ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്‍റെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും ദിലീപിന്‍റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അനുബന്ധമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിചാരണ നടപടികൾ വൈകിപ്പിക്കാൻ ആവില്ലെന്നും, സുപ്രീം കോതി നിർദേശമനുസരിച്ച് ആറുമാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കുമെന്നും പ്രത്യേക കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ അടുത്ത ദിവസങ്ങളിൽ തന്നെ എട്ടാം പ്രതിയായ ദിലീപിന്‍റെ കുറ്റപത്രത്തിൻമേലുള്ള പ്രാഥമിക വാദം ആരംഭിക്കും. മറ്റു പ്രതികളുടെ അഭിഭാഷകർ തങ്ങളുടെ കക്ഷികൾക്ക് കുറ്റപത്രത്തിൽ മേൽ പ്രാഥമിക വാദം ആവശ്യമില്ലന്ന് കോടതിയെ അറിയിച്ചിരുന്നു.