എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ ലാലിന്‍റെ സാക്ഷിവിസ്‌താരം പൂർത്തിയായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ രഹസ്യമായാണ് വിസ്‌താരം നടന്നത്. കഴിഞ്ഞ മാസം ആറിന് ലാലിന്‍റെ പ്രോസിക്യുഷൻ വിസ്‌താരം നടന്നിരുന്നു. വെള്ളിയാഴ്‌ച എതിർവിസ്‌താരമാണ് നടന്നത്. ആക്രമണത്തിനിരയായ നടി ലാലിന്‍റെ കൊച്ചിയിലെ വീട്ടിലായിരുന്നു അഭയം തേടിയെത്തിയത്. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പൊട്ടിക്കരഞ്ഞ് ഇരയായ നടി വിശദീകരിച്ചതും ഇവിടെ വെച്ചായായിരുന്നു. അതുകൊണ്ട് തന്നെ കേസിലെ പ്രധാന സാക്ഷിയായ ലാലിന്‍റെ മൊഴി കേസിൽ നിര്‍ണായകമാണ്. ലാൽ തന്നെയായിരുന്നു നടി ആക്രമണത്തിനിരയായ സംഭവം പി.ടി തോമസ് എം.എൽ.എയെയും പൊലീസിനെയും ഫോണില്‍ അറിയിച്ചത്. സംഭവ സമയം ലാലിന്‍റെ വീട്ടിലുണ്ടായിരുന്ന ഭാര്യയേയും മക്കളെയും കോടതി വിസ്‌തരിച്ചു. ഇവരുടെയും പ്രോസിക്യൂഷൻ വിസ്‌താരം നേരത്തെ പൂർത്തിയായിരുന്നു.
കേസില്‍ മറ്റൊരു സാക്ഷിയായ നടി ഭാമ സാക്ഷി വിസ്‌താരത്തിനായി ഇന്നും കോടതിയിൽ എത്തിയിരുന്നു. എന്നാൽ സമയ പരിമിതി കാരണം ഭാമയുടെ വിസ്‌താരം മറ്റൊരു ദിവസത്തേക്ക് മാറ്റി. ജനുവരി 31ന് ആരംഭിച്ച സാക്ഷി വിസ്‌താരത്തിന്‍റെ ഭാഗമായി ആക്രമണത്തിനിരയായ നടിയുൾപ്പടെ അമ്പതിലധികം സാക്ഷികളെയാണ് ഇതിനകം വിസ്‌തരിച്ചത്. ഏപ്രിൽ ഏഴിന് ഒന്നാം ഘട്ട സാക്ഷി വിസ്‌താരം പൂർത്തിയാക്കാനാണ് വിചാരണ കോടതി നിശ്ചയിച്ചിരുന്നത്. മുപ്പത്തിയഞ്ച് ദിവസം കൊണ്ട് 136 സാക്ഷികളെയാണ് ഒന്നാം ഘട്ടത്തിൽ വിസ്‌തരിക്കുക.