എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി അനുമതിയോടെ പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്‌തതിന്‍റെ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് കോടതിയി സമർപ്പിക്കും. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.
കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിന് പ്രതികളുടെ പഴയ ഫോണുകൾ പിടിച്ചെടുക്കണം. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ശാസ്‌ത്രീയത പരിശോധന ഫലം ചൊവ്വാഴ്‌ച ഉച്ചയോടെയാണ് ലഭിച്ചത്. അതിനാൽ ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും.
ശനിയാഴ്‌ച പ്രത്യേക സിറ്റിംഗ് നടത്തി കേസ് പരിഗണിച്ച വേളയിൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്കെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച കോടതി അസ്വസ്ഥതപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ടന്ന് അഭിപ്രായപ്പെട്ടിരുന്നു.
ALSO READ കോഴിക്കോട് ഇരട്ട സ്ഫോടനം: അപ്പീൽ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്
തുടർന്നായിരുന്നു മൂന്ന് ദിവസം മുപ്പത്തിമൂന്ന് മണിക്കൂർ പ്രതികളെ ചോദ്യം ചെയ്യാൻ അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കുന്നത് പ്രതികൾ ചിന്തിക്കുക പോലും ചെയ്യരുതെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിനിടെ സംവിധായകൻ റാഫി, അരുൺ ഗോപി , വ്യാസൻ എടവനക്കാട്, സിനിമാ നിർമ്മാണ കമ്പനിയായ ഗ്രാന്‍റ് പ്രൊഡക്ഷൻസിലെ ജീവനക്കരനെയും സാക്ഷിയെന്ന നിലയിൽ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ ഒന്നാം പ്രതിയാക്കി വധ ഗൂഢാലോചന കേസ് റജിസ്റ്റർ ചെയ്‌തത്. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു, അപ്പു, കണ്ടാലറിയാവുന്ന ഒരാൾ ഉൾപ്പടെ കേസിൽ പ്രതികളാണ്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന് ദിലീപിനോടുള്ള വ്യക്തി വൈരാഗ്യമാണ് ഇത്തരമൊരു കേസ് റജിസ്റ്റർ ചെയ്യാൻ കാരണമെന്നാണ് പ്രതികളുടെ പ്രധാന വാദം.
അതേസമയം മുൻകൂർ ജാമ്യപേക്ഷയിലെ കോടതി വിധി ദിലീപിന് നിർണ്ണായകമാണ്. കോടതി അറസ്റ്റ് തടഞ്ഞില്ലെങ്കിൽ കസ്റ്റഡി ഉൾപ്പടെയുള്ള നിർണ്ണായക നീക്കങ്ങളായിരിക്കും ക്രൈംബ്രാഞ്ച് നടത്തുക.
ALSO READ ശ്രീനാരായണ ഗുരുവിന്‍റെ ടാബ്ലോ ഒഴിവാക്കിയതിൽ പ്രതിഷേധം; മംഗളൂരുവിൽ സ്വാഭിമാന പദയാത്ര സംഘടിപ്പിച്ചു