എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിചാരണ കോടതിയിൽ കൂടുതൽ തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷൻ. തെളിവുകൾ സംബന്ധിച്ച ലിസ്റ്റ് നേരത്തെ തന്നെ പ്രോസിക്യൂഷൻ കോടതിയിൽ നൽകിയിരുന്നു. എന്നാൽ തെളിവുകൾ തന്നെ ഹാജരാക്കണമെന്ന നിർദേശമായിരുന്നു വിചാരണ കോടതി നൽകിയത്.
ഇതേതുടർന്നാണ് ശബ്‌ദരേഖ ഉൾപ്പടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയത്. ദിലീപിൻ്റെ ബന്ധുക്കളായ അനൂപിൻ്റെയും സുരാജിൻ്റെയും ഫോണിൽ നിന്ന് വീണ്ടെടുത്ത സംഭാഷണങ്ങളാണ് സമര്‍പ്പിച്ചത്. തെളിവുകൾ കൂടുതൽ സമയമെടുത്ത് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് ഈ മാസം 31ലേക്ക് മാറ്റി.
Also Read: അതിജീവിത നേരിട്ടെത്തി: ഉറപ്പ് നല്‍കി മുഖ്യമന്ത്രി, 'സര്‍ക്കാര്‍ ഒപ്പമുണ്ട്'
അതേസമയം, നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പരിശോധന വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം വിചാരണ കോടതി തള്ളി. സൈബർ വിദഗ്‌ധനെ കോടതിയിൽ വിസ്‌തരിച്ച വേളയിൽ ഇത്തരം ആരോപണമുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. 2022 മെയ് 9ന് തന്നെ പ്രോസിക്യൂഷൻ ആവശ്യം തള്ളിയിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
ഉത്തരവ് പ്രോസിക്യൂഷൻ കൈപ്പറ്റാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. പ്രോസിക്യൂഷൻ, ഉത്തരവ് സ്വീകരിക്കാത്തതിനാൽ അന്വേഷണ ഉദ്യോഗസ്ഥന് അയച്ചിരുന്നുവെന്നും വിചാരണ കോടതി പറഞ്ഞു.