എറണാകുളം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി അനുവദിച്ച് ഹൈക്കോടതി. മെയ് 31നകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദേശം. തുടരന്വേഷണത്തിന് മൂന്ന് മാസത്തെ സമയമായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
ഏപ്രിൽ പതിനഞ്ചിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഏറെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുന്നത് ഉൾപ്പടെ പൂർത്തിയാക്കാനുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു. കാവ്യ മാധവൻ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.
മൂന്ന് മാസത്തെ സമയം നൽകണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ ആവശ്യം. എന്നാൽ അനന്തമായി സമയം നീട്ടി നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതിന്റെ പകുതി സമയം അനുവദിച്ചത്.
ALSO READ ദിലീപിന് തിരിച്ചടി ; വധഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
മെയ് 31നകം അന്വേഷണം പൂർത്തിയാക്കുമെന്ന് പൊലീസ് മേധാവി ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. തുടരന്വേഷണത്തിലേക്ക് നയിച്ച, ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ തെളിവുകൾ ഉൾപ്പടെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭർത്താവ് നൽകിയ ഹർജിയും കോടതി പരിഗണിച്ചു.
സുരാജുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള വാർത്തകൾ നൽകുന്നത് മൂന്ന് ആഴ്‌ചത്തേക്ക് കോടതി തടഞ്ഞു. മൂന്നാഴ്ചയ്ക്ക് ശേഷം കോടതി ഈ കേസ് പരിഗണിക്കും.