എറണാകുളം : കൊച്ചി നഗര പരിധിയില്‍ അപകടങ്ങള്‍ തടയാനുള്ള ദീര്‍ഘകാല പദ്ധതിയുമായി വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ). ആക്‌സിഡന്‍റ് ഫ്രീ കൊച്ചിയെന്ന സന്ദേശവുമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയാണ് എറണാകുളം.
ഈ പശ്ചാത്തലത്തിലാണ് അവബോധം സൃഷ്ടിക്കാന്‍ വിഷയം ചർച്ചയാക്കുന്നതെന്ന് ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള പറഞ്ഞു. ഇതിന്‍റെ ഭാഗമായി 'സുസ്ഥിരമായ കൊച്ചിക്കായി സുരക്ഷിതവും പൊതുവായതുമായ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക എന്ന വിഷയത്തിൽ ഓഗസ്റ്റ് 9ന് ഏകദിന ശിൽപശാല സംഘടിപ്പിക്കും. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ശിൽപശാല ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനത്തില്‍ അപകട രഹിത കൊച്ചി ആക്ഷന്‍ പ്ലാന്‍ ചര്‍ച്ച ചെയ്യും. ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍, പൊലീസ്, അഗ്നിരക്ഷാസേന, മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി മെട്രോ, കൊച്ചി സ്‌മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്, കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, കൊച്ചി കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍, അധ്യാപക സംഘടനകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ശിൽപശാലയില്‍ പങ്കെടുക്കും.
5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടായത് എറണാകുളം ജില്ലയിലാണെന്നാണ് ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്‍റെ (നാറ്റ്പാക്) പഠനം വ്യക്തമാക്കുന്നത്. 2100 പേരാണ് ഈ കാലയളവില്‍ ജില്ലയില്‍ റോഡപകടങ്ങളില്‍ മരിച്ചത്. 2021-ല്‍ 1780 അപകടങ്ങളില്‍ 141 പേര്‍ മരിച്ചു. 1758 പേര്‍ക്ക് പരിക്കേറ്റു.
അപകടങ്ങളില്‍പ്പെട്ട 61 ശതമാനം പേരും ഇരുചക്ര വാഹന ഡ്രൈവര്‍മാരാണെന്നും നാറ്റ്പാക് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന എറണാകുളം സൗത്ത്, നോര്‍ത്ത്, പള്ളുരുത്തി, ഇന്‍ഫോപാര്‍ക്ക്, കളമശ്ശേരി, എറണാകുളം സെന്‍ട്രല്‍, ഹില്‍പാലസ്, മട്ടാഞ്ചേരി സര്‍ക്കിളുകളിലാണ് 37 ശതമാനം അപകടങ്ങളും നടന്നിട്ടുള്ളത്.
സംസ്ഥാനത്ത് അപകട സാധ്യത കൂടിയ ഏറ്റവുമധികം ബ്ലാക് സ്‌പോട്ടുകള്‍ ഉള്ളതും എറണാകുളം ജില്ലയിലാണ്. ജില്ലയിലുള്ള 374 ബ്ലാക്ക് സ്‌പോട്ടുകളില്‍ 68 എണ്ണം മുന്‍ഗണന ബ്ലാക്ക് സ്‌പോട്ടുകള്‍ ആണ്. ഇതില്‍ 37 എണ്ണം നഗര പരിധിയിലാണെന്നും നാറ്റ്പാക് കണ്ടെത്തിയിട്ടുണ്ട്.