എറണാകുളം:സിസ്‌റ്റർ അഭയ കേസിൽ സി.ബി.ഐ കോടതി വിധിക്കെതിരെ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളായ ഫാദർ തോമസ് കോട്ടുർ, സെഫി എന്നിവർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
വിചാരണ കോടതിക്ക് തെറ്റ് പറ്റിയെന്നും തെളിവുകളും സാക്ഷി മൊഴികളും വസ്തുതാപരമായി പരിശോധിക്കാതെയാണ് സി.ബി.ഐ കോടതി വിധി പറഞ്ഞതെന്നുമാണ് പ്രതികളുടെ വാദം. രാജുവിന്‍റെ സാക്ഷിമൊഴി വിശ്വസനീയമല്ലെന്നും കേസ് എഴുതിതള്ളണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. പോസ്‌റ്റുമോർട്ടം റിപ്പോർട്ടുകളുടെയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് വിചാരണ കോടതി ശിക്ഷ വിധിച്ചതെന്നുമാണ് പ്രതികളുടെ വാദം.