എറണാകുളം:വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്നു.ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ സിഗ്‌നേച്ചർ വാളിൽ ഒപ്പിട്ട് ജില്ലാ കളക്ടർ എസ് സുഹാസ് ഉദ്ഘാടനം നിർവ്വഹിച്ചു. യുവവോട്ടർമാരെ ജനാധിപത്യ പ്രക്രിയയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് സ്വീപ്പിൻ്റെ ലക്ഷ്യം. ഒരു വോട്ടും പാഴാക്കരുതെന്നാണ് സ്വീപ്പിൻ്റെ മുദ്രാവാക്യം.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞ മേഖലകളെ ലക്ഷ്യമിട്ടായിരിക്കും സ്വീപ്പിൻ്റെ പ്രവർത്തനങ്ങൾ നടക്കുക. ഇതിനായി സാമൂഹിക മാധ്യമങ്ങളെയും സ്വീപ്പിൻ്റെ ഭാഗമാക്കും. വോട്ട് ചെയ്യുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ട്രോളുകളിലൂടെ പ്രചാരണം നടത്തും. അസിസ്റ്റൻറ് കലക്ടർ എം.എസ്.മാധവിക്കുട്ടിക്കാണ് സ്വീപ്പിൻ്റെ ചുമതല. ചടങ്ങിൽ സെൻ്റ് തെരേസാസ് കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
റിട്ടേണിങ് ഓഫീസർ എസ്. ഷാജഹാൻ, അസിസ്റ്റൻറ് കലക്ടർ എം.എസ്.മാധവിക്കുട്ടി, കണയന്നൂർ തഹസീൽദാർ ബീന.പി.ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.