എറണാകുളം: തോട്ടം മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് തൊഴിലാളികളുടെയും തോട്ടം ഉടമകളുടേയും സഹകരണവും കൂട്ടായ്മയും അനിവാര്യമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തോട്ടം നയത്തിനു മുന്നോടിയായി പുറത്തിറക്കിയ കരട് പ്ലാന്റേഷൻ നയം സംബന്ധിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടം മേഖലയുടെ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ തുടർച്ചയാണ് സമഗ്രമായ പ്ലാന്റേഷൻ നയം ആവിഷ്‌കരിക്കാനുള്ള തീരുമാനം. മേഖലയുടെ സമഗ്ര പുരോഗതിക്ക് തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. തോട്ടങ്ങളുടെ തനിമ നഷ്ടപ്പെടാതെ വൈവിധ്യവത്കരണത്തിന്റെ മാർഗങ്ങൾ ആരായാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നയമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ പ്രധാന സ്ഥാനമുണ്ടായിരുന്ന തോട്ടം മേഖല പടിപടിയായി നേരിട്ടുകൊണ്ടിരിക്കുന്ന തകർച്ചയ്ക്ക് കാരണം കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക നയമാണ്. തോട്ടങ്ങളുടെ അടിസ്ഥാനഘടനയിൽ ഒരു മാറ്റവും വരാത്തവിധം ടൂറിസം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഫാം ടൂറിസം പദ്ധതി ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍റ് എംപ്ലോയമെന്‍റ് (കിലെ) എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗം പി.കെ. അനിൽകുമാർ അധ്യക്ഷനായിരുന്നു. തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജൻ മുഖ്യ പ്രഭാഷണം നടത്തി. പ്ലാനിങ് ബോർഡ് അംഗം ഡോ. രവിരാമൻ പ്രത്യേക പ്രഭാഷണം നടത്തി. ഐ. എൻ. ടി. യു. സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കെ.ജെ. ജേക്കബ് എന്നിവർ ആശംസാ പ്രസംഗം നടത്തി.