എറണാകുളം: വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി അബുദബിയിൽ നിന്നും കൊച്ചിയിലെത്തിയ അഞ്ച് യാത്രക്കാര്‍ക്ക് കൊവിഡ്-19 ലക്ഷണങ്ങള്‍. തിങ്കളാഴ്ച എയർ ഇന്ത്യ വിമാനത്തില്‍ എത്തിയവര്‍ക്കാണ് ലക്ഷണങ്ങളുള്ളത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് വിമാനത്തിൽ കയറാനെത്തിയ അഞ്ച് യാത്രക്കാരെ മടക്കി അയച്ചിരുന്നു.
174 യാത്രക്കാരുമായാണ് IX452 എയർ ഇന്ത്യാ വിമാനം കൊച്ചിയിലെത്തിയത്. ഇതില്‍ 57 പേര്‍ സ്ത്രീകളാണ്. പത്ത് വയസിൽ താഴെയുള്ള 19 കുട്ടികളും 23 ഗർഭിണികളും 3 മുതിർന്ന പൗരന്മാരും യാത്രക്കാരിലുണ്ടായിരുന്നു. യാത്രക്കാരിൽ 92 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയർ സെന്‍ററുകളിലും 77 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ അഞ്ചിൽ മൂന്ന് പേർ എറണാകുളം ജില്ലയില്‍നിന്നുള്ളവരും ഒരോരുത്തർ വീതം തൃശ്ശൂർ, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ്. തൃശ്ശൂർ ജില്ലയിൽ നിന്നു 50 യാത്രക്കാരാണുള്ളത്. ആലപ്പുഴ- 17, എറണാകുളം-30 ,ഇടുക്കി -3, കൊല്ലം-3, കോട്ടയം-18, കോഴിക്കോട്-3, മലപ്പുറം-25, പാലക്കാട്-11, പത്തനംത്തിട്ട-11, തിരുവനന്തപുരം-1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ള യാത്രക്കാർ.
എറണാകുളം ജില്ലയിൽ നിന്നുള്ള 30 പേരിൽ 22 പേർ പുരുഷൻമാരും എട്ടു പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള ഒരു കുട്ടിയും രണ്ട് ഗർഭിണികളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 18 പേരെ വിവിധ കൊവിഡ് കെയർ സെന്‍ററുകളിലും ഒമ്പത് പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. മറ്റുജില്ലകളിൽ നിന്നുള്ളവരെ അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലെത്തിച്ചു.