എറണാകുളം: പട്ടിമറ്റം തൈക്കാവ് ജങ്‌ഷന് സമീപം ചാക്കുകെട്ടില്‍ 11 കിലോ കഞ്ചാവ് കണ്ടെത്തി. റബ്ബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ പുലര്‍ച്ചെ റബ്ബര്‍ വെട്ടാന്‍ വന്ന തൊഴിലാളികളാണ് ചക്കുകെട്ട് ആദ്യം കണ്ടത്. സ്ഥല ഉടമ ജയന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചു. ചാക്കിനുള്ളില്‍ നിന്ന് അഞ്ച് പാക്കറ്റുകളിലായി 11 കിലോ കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. തൊണ്ടിമുതല്‍ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ് അറിയിച്ചു.
ഞായറാഴ്‌ച രാത്രി പട്ടിമറ്റം കിഴക്കമ്പലം റോഡില്‍ കണ്ടങ്ങാതാഴം ഭാഗത്ത് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട പാക്കറ്റില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. രാത്രി പൊലീസ് പട്രോളിങ്ങിനിടെ പൊതി കൃത്യമായി കൈമാറാൻ കഴിയാതെ വന്നതോടെ മയക്കുമരുന്ന് സംഘം ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കുന്നത്തുനാട് എസ്‌പി വി.ടി ഷാജന്‍റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.