തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ എ.വിജയരാഘവന് മറുപടിയുമായി രമ്യ ഹരിദാസ് എം പി. വ്യക്തിപരമായി ആയാലും രാഷ്ട്രീയപരമായി ആയാലും സ്ത്രീത്വത്തെ അപമാനിക്കുന്നത് ശരിയല്ലെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്. യുഡിഎഫുമായി ആലോചിച്ചാണ് കേസ് നൽകിയതെന്നും അതിനാല്‍ യുഡിഎഫുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. എൽഡിഎഫ് കൺവീനറുടെ പരാമർശത്തിൽ മാനസിക പ്രയാസം ഉണ്ടായി. ആ സമയത്ത് ആലത്തൂരിലെ ജനങ്ങളാണ് താങ്ങും തണലുമായി നിന്നത്. ജനങ്ങൾ തന്നെ ഒരുപാട് പിന്തുണച്ചെന്നും അക്കാര്യത്തിൽ അവർ ഒരു തീരുമാനം എടുത്തിട്ട് ഉണ്ടാകുമെന്നും രമ്യ പറഞ്ഞു. വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അവർ.