തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ചാർജ് വർന്ധനവിനും ഇന്ധന വില വർധനവിനുമെതിരെ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. ഈ മാസം 15 മുതൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും. 18ന് യുഡിഎഫ് എംഎൽഎമാർ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. വൈദ്യുതി ചാർജ് വർധനവിലൂടെ സർക്കാർ ജനങ്ങളെ ഷോക്കേല്‍പ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രബജറ്റിന് എതിരെ യുഡിഎഫ് പ്രക്ഷോഭ പരിപാടികൾ നടത്തും. ബജറ്റ് കേരളത്തിന് ഇരുട്ടടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
തൊഴിലുറപ്പിന്‍റെ വിഹിതം തന്നെ പകുതി തുക വെട്ടിക്കുറച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അശാസ്ത്രീയമായി ജിഎസ്ടി ചുമത്തുന്നതിലൂടെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കൂടാതെ ഓഗസ്റ്റ് മുതൽ പ്രളയ സെസ് കൂടി വരുന്നതോടെ സംസ്ഥാനത്ത് വമ്പിച്ച വിലക്കയറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം ഈ മാസം അവസാനം പുറത്തിറക്കുമെന്നും ചെന്നിത്തല അറിയിച്ചു.