തിരുവനന്തപുരം: അന്ത്യത്താഴത്തിന്‍ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. പെസഹായോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കാലുകഴുകൽ ശുശ്രൂഷയും നടക്കും.
യേശു ക്രിസ്തു കുരിശുമരണത്തിന് വിധിക്കപ്പെടുന്നതിനുമുമ്പ് ശിഷ്യന്മാരുമൊത്ത് അവസാനമായി കഴിച്ച അത്താഴത്തിന്‍റെ ഓർമ്മയാണ് പെസഹാ. വിനയത്തിന്റെ മഹനീയ മാതൃക കാണിച്ച് യേശു ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ ഓർമ്മപുതുക്കൽ കൂടിയാണ് ഓരോ പെസഹായും.
പള്ളികളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകളും കാലുകഴുകൽ ശുശ്രൂഷയും നടക്കും. വൈകീട്ട് തിരുവനന്തപുരം സെന്‍റ് ജോസഫ് കത്തീഡ്രലിൽ അതിരൂപത ആർച്ച് ബിഷപ്പ് സൂസൈപാക്യം തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. വൈകീട്ട് മൂന്നുമണിക്ക് പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന കാലു കഴുകൽ ശുശ്രൂഷയ്ക്കും തിരുക്കർമ്മങ്ങൾക്കും മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്കാബാവ മുഖ്യകാർമികത്വം വഹിക്കും.