തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ മുഖ്യപ്രതിയായ ആര്‍എസ്‌എസ് ജില്ലാ പ്രചാരക് പ്രവീണിനെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടി.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ നാല് തവണയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രവീണ്‍ ബോംബെറിഞ്ഞത്. ആഴ്ചകള്‍ക്ക് ശേഷവും പ്രതിയെ പിടികൂടാനാകാത്തത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.
പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പ്രവീണ്‍ പൊലീസ് പിടിയിലാകുന്നത്. പാര്‍ട്ടി ഓഫീസുകളിലും പ്രവീണുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഏറ്റവുമൊടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ ചോര്‍ന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പ്രവീണിനെ പൊലീസ് പിടികൂടിയത്.