തിരുവനന്തപുരം: നെടുമങ്ങാട് മകളെ കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ തെളിവെടുപ്പ് ആരംഭിച്ചു. കൊലപാതകത്തിന്‍റെ കാരണം സ്ഥിരീകരിക്കാനും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുമായി കുട്ടിയുടെ അമ്മ താമസിച്ച സ്ഥലത്ത് ഉൾപ്പെടെ എത്തിയാണ് തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പ് സമയത്ത് കൊല നടത്തിയ രീതി പ്രതികൾ പൊലീസിന് കാണിച്ചു കൊടുത്തു. പതിനാറുകാരിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ അമ്മയെയും കാമുകനെയും ഏഴാം തീയതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്ന് കിണറ്റില്‍ താഴ്ത്തിയെന്നാണ് കേസ്.
നെടുമങ്ങാട് പാറണ്ടോട് സ്വദേശി മഞ്ജുഷയും ഇവരുടെ കാമുകന്‍ അനീഷുമാണ് അറസ്റ്റിലായിരിക്കുന്നത്. ശനിയാഴ്ച രാത്രി റിമാന്‍ഡ് ചെയ്ത് ഇവരെ പൊലീസ് അപേക്ഷ പരിഗണിച്ച് ഏഴാം തീയതി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്ച കിണറ്റില്‍ നിന്ന് കണ്ടെടുത്തതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.
കഴിഞ്ഞ പത്താം തീയതി മുതല്‍ മകളെ കാണുന്നില്ലെന്നും അന്വേഷിക്കാനായി തമിഴ്നാട്ടിലേക്ക് പോകുന്നുവെന്നും പറഞ്ഞ് നാടുവിട്ടതായിരുന്നു മഞ്ജുഷ. ഇവരുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മഞ്ജുഷയെയും അനീഷിനെയും നാഗര്‍കോവിലില്‍ നിന്ന് പിടിച്ചതോടെയാണ് മൃതദേഹം കിണറ്റിലുണ്ടെന്ന് മൊഴി ലഭിച്ചത്. വഴക്ക് പറഞ്ഞതിന് മകള്‍ ആത്മഹത്യ ചെയ്തെന്നും ഭയം മൂലം മൃതദേഹം ഒളിപ്പിച്ചെന്നുമായിരുന്നു ആദ്യം ഇവരുടെ വാദം. എന്നാല്‍ കഴുത്ത് ഞെരിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സൂചന ലഭിച്ചതോടെ ഇരുവരും കുറ്റം സമ്മതിച്ചു.
മഞ്ജുഷയുടെയും അനീഷിന്റെയും അവിഹിതബന്ധത്തിന് തടസം നിന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറഞ്ഞു. പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായത് നേരിയ സംഘർഷത്തിന് കാരണമായി. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റൂവര്‍ട് കീലറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.