ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇതോടെ സ്ഥാനാര്‍ത്ഥി പട്ടികക്ക് ഇന്ന് അന്തിമ രൂപമാകും. 20 മണ്ഡലങ്ങളില്‍ നിന്നുമായി 242 നാമനിര്‍ദേശപത്രികകളാണ് അംഗീകരിച്ചിട്ടുള്ളത്. സൂഷ്മ പരിശോധനയില്‍ 61 പത്രിക തള്ളിയിരുന്നു. വയനാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചിരിക്കുന്നത്. 22 പത്രികകളാണ് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ മത്സരിക്കുന്ന മണ്ഡലം കൂടിയായ വയനാട്ടില്‍ നിന്ന് ലഭിച്ചത്. 21 സ്ഥാനാര്‍ഥികളുമായി ആറ്റിങ്ങല്‍ രണ്ടാം സ്ഥാനത്തുണ്ട്.ഏറ്റവും കുറവ് പത്രികകള്‍ കോട്ടയത്തു നിന്നാണ് 7 എണ്ണമാണ് ലഭിച്ചത്.
പല മുന്നണികളും 3-ാം ഘട്ട പ്രചരണം അവസാനിപ്പിച്ച് നാലാംഗട്ടത്തിലേക്ക് കടന്നിട്ടുണ്ട്. എല്‍.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം എന്‍.ഡി.എയും ദേശീയ നേതാക്കളെ വരും ദിവസങ്ങളില്‍ പ്രചാരണത്തിനെത്തിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും അപരന്മാരുടെയും സാന്നിധ്യം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.