കേരളത്തിലെ ദാരിദ്ര്യനിർമാർജന രംഗത്ത് പുതുയുഗപ്പിറവിക്ക് തുടക്കമിട്ട കുടുംബശ്രീമിഷൻ ഇരുപത്തി രണ്ടാം വയസിലേക്ക്. ത്രിതല പഞ്ചായത്തീരാജ് സംവിധാനവുമായി കൈകോർത്ത് 1998ൽ തുടക്കമിട്ട ഈ സ്ത്രീശാക്തീകരണ പ്രസ്ഥാനം മൈക്രോഫിനാൻസ് ആശയവും കടന്ന് സംരംഭകത്വത്തിന്‍റെ വിവിധ തലങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. 43 ലക്ഷം വനിതകളുമായി ഏഷ്യയിലെ തന്നെ മികച്ച ദാരിദ്ര്യനിർമാർജന വനിതാ ശാക്തീകരണ മുന്നേറ്റമെന്ന ഖ്യാതിയിലേക്ക് കുതിക്കുകയാണ് കുടുംബശ്രീ.
കുടുംബശ്രീ ജില്ലാമിഷനിൽ നിന്ന് പ്രിന്‍റിംഗ് പരിശീലനം നേടിയ ഒരു കൂട്ടം വനിതകളുടെ സംരംഭമാണ് കാസർകോട് ജില്ലയിലെ കുടുംബശ്രീ വനിതകളുടെ ആഭിമുഖ്യത്തിലുള്ള സ്വാതി പ്രിന്‍റിംഗ് പ്രസ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി ബാങ്ക് വായ്പ സംഘടിപ്പിച്ച് ആരംഭിച്ച ഈ പ്രിന്‍റിംഗ് യൂണിറ്റാണ് ഇന്ന് ഈ വനിതകളുടെ കുടുംബത്തിന്‍റെ ഐശ്വര്യം. കുടുംബശ്രീയുടെ മറ്റൊരു വിജയഗാഥയാണ് കോഴിക്കോട് കുടുംബശ്രീ വനിതാ മാൾ.
കേരളത്തിലെ ദാരിദ്ര്യ നിർമാർജന രംഗത്ത് കുടുംബശ്രീ വനിതാ സംഘങ്ങൾ വഹിക്കുന്ന പങ്ക് വിവരണാതീതമാണ്.1992 ൽ ആലപ്പുഴ നഗരസഭയിലെ 7 വാർഡുകളിലാണ് കുടുംബശ്രീയുടെ ആദ്യരൂപം ജന്മമെടുക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്താൻ പരമ്പരാഗത രീതി ഉപേക്ഷിച്ച് പുതിയ രീതി അവലംബിച്ചു കൊണ്ടായിരുന്നു തുടക്കം. 1994 ല്‍ കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ലയായ മലപ്പുറത്ത് യുണിസെഫ് സാമൂഹിക പോഷകാഹാര പദ്ധതിക്ക് തുടക്കമിടുകയും ഇതിനായി 4448 അയൽക്കൂട്ട യൂണിറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. 2000 ആയപ്പോൾ അയൽക്കൂട്ടങ്ങളുടെ ചെറു സമ്പാദ്യം 2.65 കോടിയിലെത്തി. 700 അയൽക്കൂട്ട സംഘങ്ങളെ വിവിധ ബാങ്കുകളുമായി കൂട്ടിയോജിപ്പിച്ച് രണ്ടു കോടി രൂപ വായ്പ അനുവദിച്ചുകൊണ്ടാണ് കുടുംബശ്രീ അതിന്‍റെ ബാല്യകാലം പിന്നിടുന്നത്.മൈക്രോഫിനാൻസ് മേഖലയിൽ മാത്രമല്ല നിർമാണ മേഖലകളിൽ വരെ കുടുംബശ്രീ വനിതകൾ കടന്നെത്തിയതായി സംസ്ഥാന കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോർ പറയുന്നു.
10 മുതൽ 20 വരെ വനിതകൾ അംഗങ്ങളായുള്ള അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീ മിഷന്‍റെ അടിസ്ഥാനഘടകം. ഏകദേശം 2,77,175 അയൽക്കൂട്ടങ്ങൾ കേരളത്തിലുണ്ട്. ഇതിലൂടെയുള്ള ആകെ കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 43 ലക്ഷം എന്നാണ് കണക്ക്. എല്ലാ ഞായറാഴ്ചകളിലും അയൽക്കൂട്ടങ്ങൾ യോഗം ചേരുകയും അംഗങ്ങൾ അവരുടെ സമ്പാദ്യം അയൽക്കൂട്ടങ്ങളെ ഏൽപ്പിക്കുകയും ചെയ്യുന്നു. അതിൽനിന്ന് അപ്പോൾതന്നെ ആവശ്യക്കാർക്ക് ചെറുവായ്പകൾ ലഭ്യമാക്കുന്നതാണ് കേരളത്തിലെ കുടുംബശ്രീയുടെ സാധാരണരീതി. ജില്ലകളിൽ ജില്ലാ കുടുംബശ്രീ മിഷനാണ് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ മേൽനോട്ടച്ചുമതല.