ലോക്സഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം ഏപ്രിൽ 4. സൂക്ഷ്മപരിശോധന ഏപ്രിൽ 5 നും നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള തീയതി ഏപ്രിൽ 8നു മാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം സംബന്ധിച്ച് ഇന്ന് രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കറാം മീണ പറഞ്ഞു
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കർശനമായി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ ഇക്കാര്യം രാഷ്ട്രീയപ്പാർട്ടികളുമായി ഇന്ന് ചർച്ച ചെയ്യുമെന്നും പറഞ്ഞു .ഒരു ലോക്സഭാ മണ്ഡലം സ്ഥാനാർഥിക്ക് പരമാവധി ചിലവാക്കാൻ കഴിയുന്ന 70 ലക്ഷം രൂപയിൽ 10000 രൂപയ്ക്ക് മുകളിൽ പണമായി ചെലവഴിക്കാൻ പാടില്ല. സ്ഥാനാർഥികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയോ പണം വിതരണം ചെയ്യുകയോ ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ വോട്ടർമാർക്ക് മൊബൈലിൽ ചിത്രീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയക്കാം. രണ്ടു മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് അയക്കേണ്ടത്. ഇത് പരിശോധിച്ച് 100 മിനിറ്റിനുള്ളിൽ നടപടിയുണ്ടാകും. എല്ലാറ്റിന്‍റെയും ലക്ഷ്മണരേഖ മാതൃകാ പെരുമാറ്റച്ചട്ടമാണെന്ന് ടീക്കാറാം മീണ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 28ന് പുറപ്പെടുവിക്കും. ഏപ്രിൽ 4-ന് പത്രികാസമർപ്പണം അവസാനിക്കും. സൂക്ഷ്മപരിശോധന ഏപ്രിൽ 5നും പിൻവലിക്കാനുള്ള ദിവസം ഏപ്രിൽ 9 നുമാണ്. സംസ്ഥാനത്താകെ 24,970 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് പ്രത്യേക വാഹന സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കും. പോളിംങ് സ്റ്റേഷനുകളിലേക്ക് ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സുഗമമായി കടന്നുവരുന്നതിന് റാമ്പ് സൗകര്യമൊരുക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പുമായി ചേർന്നാണ് ഇത് ചെയ്യേണ്ടത്.വോട്ടർ തിരിച്ചറിയൽ കാർഡിനു പുറമെ 11 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാം. എന്നാൽ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ സ്ലിപ് അംഗീകരിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.