തിരുവനന്തപുരം: മുസ്ലിംലീഗ് വൈറസ് ആണെന്നും അത് കോൺഗ്രസിനെ ബാധിച്ചിരിക്കുകയാണെന്നുമുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റിനെ തുടർന്നുണ്ടായ വിവാദം കേരളത്തിലും ചൂട് പിടിക്കുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു ലീഗിനെതിരായ യോഗിയുടെ പരാമർശം. പരാമർശം വിവാദമായതോടെ താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തുവന്നിരിക്കുകയാണ്. സ്ഥാനാർത്ഥികളും നേതാക്കന്മാരും പരസ്പരം വ്യക്തിഹത്യ നടത്തുന്നത് ഒഴിവാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ മുന്നറിയിപ്പു നൽകി. യോഗിയുടെ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു.
യോഗിയുടെ പരാമർശത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയും രംഗത്തുവന്നിരുന്നു. പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും സാമുദായിക വിദ്വേഷം വളർത്തുമെന്നും എ കെ ആന്‍റണി പറഞ്ഞു. എന്നാൽ യോഗി ആദിത്യനാഥിനെ അനുകൂലിച്ചും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ വെല്ലുവിളിച്ചും ബിജെപി രംഗത്തെത്തി. ടിക്കാറാം മീണ പറയുന്നത് അതുപോലെ വിഴുങ്ങാൻ ഇവിടെ ഏകാധിപത്യമല്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. യോഗിയുടെ പരാമര്‍ശത്തിനെതിരെ മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.