തിരുവനന്തപുരം: പതിനേഴാം ലോക്സഭയിലേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ എക്സിറ്റ് പോൾ സർവ്വേ ഫലങ്ങൾ പുറത്തു വന്നതോടെ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശ്വാസം. 13 മുതല്‍ 15 സീറ്റുകൾ വരെ നേടി യുഡിഎഫ് കേരളത്തില്‍ മികച്ച വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.
വടക്കൻ കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലും തെക്കൻ കേരളത്തിലെ നാല് മണ്ഡലങ്ങളിലും യുഡിഎഫിനാണ് മുൻതൂക്കം. മധ്യ കേരളത്തിൽ ആറിൽ അഞ്ച് മണ്ഡലങ്ങളാണ് യുഡിഎഫിന് അനുകൂലമായത്. വടക്കൻ കേരളത്തിൽ എൽഡിഎഫിന് സാധ്യത നൽകുന്നത് ഒരു മണ്ഡലം മാത്രമാണ്. ഫോട്ടോ ഫിനിഷില്‍ കോഴിക്കോട്, കണ്ണൂർ സീറ്റുകളിൽ യുഡിഎഫിനും ആലപ്പുഴ, തൃശൂർ സീറ്റുകളിൽ എൽഡിഎഫിനുമാണ് സാധ്യത നിലനിൽക്കുന്നത്.
എൻഡിഎക്ക് നേരിയ രീതിയിൽ മുൻതൂക്കം നൽകുന്നത് തിരുവനന്തപുരം മണ്ഡലമാണ്. കോൺഗ്രസിന്‍റെ ശശി തരൂരിനേയും സിപിഐയുടെ സി ദിവാകരനേയും മറികടന്നാണ് ബിജെപിയുടെ കുമ്മനം രാജശേഖരൻ ജയിക്കുമെന്നാണ് പ്രവചനം. ഇന്ത്യ ടുഡേ, ടൈംസ് നൗ സർവ്വേ പ്രകാരം യുഡിഎഫിന് 16 സീറ്റുകൾ വരെ ലഭിച്ചേക്കാം. എൽഡിഎഫിന് മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെയും എൻഡിഎക്ക് ഒരു സീറ്റും ലഭിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.