തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. വിഴിഞ്ഞത്ത് എം അലിയാർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി 'തിളക്കം - 2019' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുന്നൂറോളം വിദ്യാർഥികളെ പരിപാടിയിൽ ആദരിച്ചു.
കോവളം നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ രംഗത്ത മികച്ച വിജയം നേടിയ സ്കൂളിന് എവറോളിംഗ് ട്രോഫി നൽകി. ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ പേരിൽ നൽകുന്ന അംഗീകാരമാണിത്. എം അലിയാർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി എസ് ഹരികുമാർ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ട്രിഡ ചെയർമാൻ സി ജയൻബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, സി കെ ഹരീന്ദ്രൻ എംഎൽഎ, ഐ ബി സതീഷ് എംഎൽഎ, പുല്ലുവിള സ്റ്റാൻലി, കെ ജി സനൽകുമാർ, എസ് അജിത് എന്നിവർ സംസാരിച്ചു.