ആലപ്പുഴ: സർക്കാർ നിർദേശിച്ച കൊവിഡ് 19 ജാഗ്രതാ നിര്‍ദേശം അവഗണിച്ച് എക്സൈസ് വകുപ്പ് കള്ളുഷാപ്പ് ലേലം സംഘടിപ്പിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ആലപ്പുഴ എക്സൈസ് കോംപ്ലക്‌സിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ലേലം നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇവരെ എക്സൈസ് ഉദ്യോഗസ്ഥർ തടഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കണമെന്നും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പും സർക്കാരും നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് എക്സൈസ് ജില്ലയിലെ വിവിധ റേഞ്ചുകളിലേക്കുള്ള കള്ളുഷാപ്പ് ലേലം സംഘടിപ്പിച്ചത്.
നഗരത്തിലെ എക്സൈസ് കോംപ്ലക്‌സിൽ സംഘടിപ്പിച്ച കള്ളുഷാപ്പ് ലേലത്തിൽ ഇരുന്നൂറിലേറെ പേരാണ് പങ്കെടുക്കാനെത്തിയത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടിയെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. ഹാൻഡ് സാനിറ്റൈസർ, മാസ്‌കുകൾ ഉൾപ്പടെയുള്ളവ ലേലത്തിൽ പങ്കെടുക്കുന്നവർക്ക് നൽകിയിരുന്നുവെന്നും ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിച്ചുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.