ആലപ്പുഴ : ജില്ലയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആശങ്ക കനക്കുന്നു. പത്തനംതിട്ടയിലെ ഡാമുകൾ തുറക്കുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആലപ്പുഴ ജില്ലയെയാണ്. ഇന്ന് പമ്പ ഡാം കൂടി തുറന്നതോടെ പത്തനംതിട്ട ജില്ലയിലെ എല്ലാ ഡാമുകളും തുറന്നുകഴിഞ്ഞു.
ഈ ഡാമുകളിലെ വെള്ളം കൂടി എത്തുന്നതോടെ ജലനിരപ്പ് വീണ്ടും ഉയരുമെന്ന ആശങ്കയിലാണ് അപ്പർ കുട്ടനാട്ടുകാരും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളും. ഇതേതുടർന്ന് ഇന്ന് ഇവിടുത്തെ താമസക്കാരെ പൂർണമായും ഒഴിപ്പിക്കാനുള്ള നടപടി കഴിഞ്ഞ ദിവസം അർധരാത്രിയോടെ തന്നെ ജില്ലാഭരണകൂടം ആരംഭിച്ചിരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതം
2018ലെ പ്രളയകാലത്ത് ഇവിടം വെള്ളത്തിൽ മുങ്ങിയിരുന്നു. 2018ലേതിന് സമാനമായ സാഹചര്യം ഇനിയും ഉണ്ടാകുമോ എന്ന ഭീതിയിലാണ് കുട്ടനാട്ടുകാർ. എന്നാൽ ആശങ്കകൾക്ക് വകയില്ലാത്ത തരത്തിലുള്ള ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
കേന്ദ്ര ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റുകളാണ് ജില്ലയിലുള്ളത്. ഇതിന് പുറമെ പൊലീസും അഗ്നിശമന സേനയും വിവിധ സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.
കെ.എസ്.ആർ.ടി.സി സർവീസുകൾ താത്കാലികമായി നിർത്തിവച്ചു
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പുളിങ്കുന്ന്, നെടുമുടി, പുൽപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസ് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി താത്കാലികമായി നിർത്തിവച്ചിരുന്നു. എടത്വ-ഹരിപ്പാട്, അമ്പലപ്പുഴ-തിരുവല്ല പാതയിലും കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു.
ജില്ലയിൽ ആകെ 91 ദുരിതാശ്വാസ ക്യാമ്പുകൾ
ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 91 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 1,361 കുടുംബങ്ങളിലെ 5,325 ആളുകളെയാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്.
ഇന്ന് അർധരാത്രിയോടെ മഴ വീണ്ടും കനക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാനിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ജില്ലയിൽ വീണ്ടും ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അഭ്യർഥിച്ചു.
Also Read: ചരിത്രത്തില്‍ അഞ്ചാം തവണ, ജാഗ്രതയോടെ ഇടുക്കി ഡാം തുറന്നു