ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. ഇവരുടെ പേര് പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇതൊടെ രഞ്‌ജിത്ത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ അറസ്റ്റിലയവരുടെ എണ്ണം നാലായി. ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രഞ്‌ജിത്ത് കഴിഞ്ഞ ഡിസംബര്‍ 19ന് കൊലപ്പെടുത്തിയത്.
ഗൂഢാലോചനയിൽ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദീൻ, പ്രതികൾക്ക് വ്യാജ സിം കാർഡ് സംഘടിപ്പിച്ച് നൽകിയ പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷാ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു.