ആലപ്പുഴ: കേരളത്തിന്റെ സാമ്പത്തിക രംഗം പൂർണ തകർച്ചയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണങ്ങൾക്കെതിരെ ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം.ലിജു നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതുൽപ്പാദനപരമായ ഒരു നടപടിയും സർക്കാർ കൈക്കൊള്ളുന്നില്ല. സംസ്ഥാന സർക്കാരിന്‍റെ ധൂർത്തും അഴിമതിയും കൊണ്ടാണ് കേരളത്തിന്റെ ഖജനാവ് കാലിയായിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണങ്ങൾക്കെതിരെയാണ് പ്രക്ഷോഭ ജ്വാല സംഘടിപ്പിച്ചത്. കേന്ദ്രത്തിന്‍റെ ബജറ്റ് ജനങ്ങൾക്ക് പ്രതീക്ഷയായിരുന്നു. എന്നാൽ ബജറ്റിൽ നിന്നും അംബാനിക്കും അദാനിക്കുമാണ് ഗുണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പളം ദ്വീപിൽ നടന്ന പ്രക്ഷോഭ ജ്വാലയിൽ അഡ്വ. ഷാനിമോൾ ഉസ്മാൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ 72 പഞ്ചായത്തും ആറ് മുനിസിപാലിറ്റികളും ഉൾപ്പെടെ 457 കിലോമീറ്റർ പര്യടനം നടത്തുന്ന ജനകീയ പ്രക്ഷോഭ ജ്വാല ഈ മാസം 23ന് ആലപ്പുഴ ബീച്ചിൽ സമാപിക്കും. ജാഥയിലുടനീളം കെപിസിസി സെക്രട്ടിമാർ, മുൻ എംഎൽഎമാർ, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.