ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശന് എതിരെ ശ്രീനാരായണ സഹോദര ധർമവേദി രംഗത്ത്. കെ.കെ മഹേശന്‍റെ ആത്മഹത്യ കുറിപ്പില്‍ മരണത്തിന് ഉത്തരവാദി വെള്ളാപ്പളളി നടേശൻ ആണെന്നും എതിർക്കുന്നവരെ വെള്ളാപ്പള്ളി ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞിട്ടുണ്ടെന്ന് ശ്രീനാരായണ സഹോദര ധർമവേദി സംസ്ഥാന ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ് ആരോപിച്ചു. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസ് തയാറാകണമെന്ന് വിനോദ് ആവശ്യപ്പെട്ടു.
തന്നെ ഇല്ലാതാക്കൻ വെള്ളാപ്പളളി നടേശൻ ശ്രമിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് മഹേശൻ ഒരാഴ്ചമുമ്പ് കത്ത് നൽകിയിരുന്നു. ആ കത്ത് പരിഗണിച്ച് പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തിയിരുന്നുങ്കിൽ മഹേശന് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു. വെള്ളാപ്പള്ളിക്കെതിരെ പറയുന്നവർക്കാർക്കും പൊലീസിൽ നിന്നു നീതി ലഭിക്കില്ലെന്ന് വിനോദ് ആരോപിച്ചു. എസ്എൻഡിപി യൂണിയൻ ഓഫീസിൽ ചരിത്രത്തിലാദ്യമായാണ് ഒരു യൂണിയൻ ഭാരവാഹി ആത്മഹത്യ ചെയ്യുന്നത്.
ഇനിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി തുടരുന്നത് ശ്രീനാരായണ സമൂഹത്തിന് അപമാനമാണ്. ഇന്ത്യയിലെ ഏതൊരു പൗരനും ലഭിക്കാവുന്ന നീതി മാത്രമേ ഇക്കാര്യത്തിൽ വെള്ളാപ്പള്ളിക്ക് നൽകാവു എന്നതാണ് കേരള സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്. മൈക്രോ ഫിനാൻസ് പദ്ധതിയിലൂടെ വിവിധ ബാങ്കുകളിൽ നിന്നായി യോഗം ഭാരവാഹികളായ അടുപ്പക്കാരുടെ പേരിൽ കോടികൾ വായ്പ എടുക്കുകയും ആ തുക സ്വന്തം പോക്കറ്റിലേക്ക് മാറ്റുകയും ചെയ്യുകയാണ് വെള്ളാപ്പള്ളിയും മകനും ചെയ്യുന്നത്.
ഒടുവിൽ പിടിക്കപ്പെടുമെന്ന് വരുമ്പോൾ ഇവരുടെ പേരിൽ പഴിചാരിയും, വെള്ളാപ്പള്ളിയുടെ സാമ്പത്തിക- സാമുദായിക സ്വാധീനം ഉപയോഗിച്ചും രക്ഷപ്പെടാറാണ് പതിവ്. തനിക്കെതിരെയുള്ള എല്ലാ അന്വേഷണങ്ങളും സർക്കാർ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുകയാണ്. തട്ടിപ്പിൽ കഴമ്പുണ്ടെന്നു കണ്ട് കോടതിയാണ് ഒടുവിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ കേസ് അന്വേഷണമാണ് മഹേശന്‍റെ ദുരൂഹ മരണത്തിൽ എത്തിച്ചത്. വെള്ളാപ്പള്ളിയുടെ അഴിമതിക്കെതിരായി ശബ്‌ദിക്കുന്നവരെ എല്ലാം എസ്എൻഡിപി യോഗത്തിൽ നിന്നും വളഞ്ഞ വഴികളിലൂടെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. വെള്ളാപ്പള്ളിയുടെ അഴിമതി പുറത്തു കൊണ്ടുവരാൻ ശ്രമിച്ച പലരും ആത്മഹത്യ ചെയ്യുകയോ കൊല ചെയ്യപ്പെടുകയോ ചെയ്ത അവസ്ഥയിലാണ്.
ശാശ്വതീകാനന്ദ സ്വാമിയുടേത് അടക്കം ദൂരൂഹത നിറഞ്ഞ മരണങ്ങൾ അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. വെള്ളാപ്പള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നാൽ ഇനിയും ഇത്തരത്തിൽ പലരുടെയും ദുരൂഹ മരണങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ട അവസ്ഥയാകും പൊതുസമൂഹത്തിന് കാണേണ്ടി വരുന്നത്. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യും വരെ ശക്തമായ സമരം നടത്തുവാൻ സഹോദര ധർമവേദി തീരുമാനിച്ചിരിക്കുകയാണ്. എസ്എൻഡിപി യോഗത്തിനും പ്രവർത്തകർക്കും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ശ്രീനാരായണസഹോദര ധർമവേദി ഭാരവാഹികൾ വ്യക്തമാക്കി.