ആലപ്പുഴ: ദേശീയപാതയിൽ എസ്.എൽ പുരത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. മിനി വാന്‍ ഡ്രൈവർ ആലപ്പുഴ പൂങ്കാവ് സ്വദേശി സിജു(26), കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബഷീർ(60) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. അപകടം നടന്നയുടനെ നാട്ടുകാരും പൊലീസും ചേർന്ന് വാഹനങ്ങൾ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
വാഹനങ്ങളുടെ അമിത വേഗതയാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് മാരാരിക്കുളം പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു.