ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി ജില്ലയിൽ. ജില്ലയിലെ മൂന്ന് ഇടങ്ങളിലാണ് രാഹുലിന്‍റെ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. അരൂർ, ചേർത്തല മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയായി പട്ടണക്കാടും ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളുടെ സംയുക്ത കൺവെൻഷൻ കൊമ്മാടി ബൈപ്പാസ് ജങ്ഷനിലും കായംകുളം, ഹരിപ്പാട് മണ്ഡലങ്ങളിലെ സംയുക്ത തെരഞ്ഞെടുപ്പ് സമ്മേളനം ചേപ്പാടുമാണ് നടത്തിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് രാഹുലിനെ കേൾക്കാൻ ഓരോ സ്വീകരണ സ്ഥലങ്ങളിലും എത്തിയത്. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോയും ഇതോടൊപ്പം വിവിധയിടങ്ങളിൽ സംഘടിപ്പിച്ചു. രാഹുലിന്‍റെ റോഡ് ഷോ കടന്നുപോകുന്ന സമയം ദേശീയ പാതയ്ക്ക് ഇരുവശവും നൂറുകണക്കിന് ആളുകൾ രാഹുലിന് അഭിവാദ്യം അർപ്പിച്ച് എത്തിയിരുന്നു.
സ്വീകരണ സമ്മേളന വേദിയിൽ രാഹുലിന്‍റെ വാഹനം എത്തിയതോടെ പ്രവർത്തകരുടെ ആവേശം അലതല്ലി. പ്രൗഢ ഗംഭീരമായ സ്വീകരണമാണ് ഓരോയിടത്തും രാഹുലിന് ഒരുക്കിയിരുന്നത്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ എംപി, താരിഖ് അൻവർ, എഡ്വിൻ ഡിസൂസ, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്‍റ് എ.എ. ഷുക്കൂർ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.