ആലപ്പുഴ : പുന്നപ്ര ദേശീയപാതയിലെ അപകടത്തിൽ യുവാവ് മരിച്ച പശ്ചാത്തലത്തിൽ കർശന നടപടിക്കൊരുങ്ങുകയാണ് ആലപ്പുഴ ജില്ല കലക്‌ടർ. അപകടം നടന്ന സ്ഥലം കലക്‌ടർ സന്ദർശിച്ചു. അപകടം എങ്ങനെയുണ്ടായി എന്നതിന്‍റെ റിപ്പോർട്ട് തഹസിൽദാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ചൊവ്വാഴ്‌ച വിളിച്ച് ചേർക്കുമെന്നും കലക്‌ടർ വി.ആർ കൃഷ്‌ണതേജ അറിയിച്ചു.
അപകടങ്ങൾ ഒഴിവാക്കുന്നതിലും മറ്റും കുറ്റകരമായ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും കലക്‌ടർ വ്യക്തമാക്കി.
ശനിയാഴ്‌ച രാത്രിയാണ് കുറവൻതോട് ജങ്ഷന് സമീപം ദേശീയപാതയിൽ പുന്നപ്ര സ്വദേശി അനീഷ് കുമാർ വാഹനമിടിച്ച് മരിച്ചത്. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെറ്റായി പാര്‍ക്ക് ചെയ്‌ത ബസിലിടിച്ച് ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ അനീഷിന്‍റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.