ആലപ്പുഴ : ഇടുക്കിയിൽ രണ്ടാം ഘട്ട പവർഹൗസിന്റെ സാധ്യത പരിഗണിച്ചുവരുകയാണെന്നും നിലവിലെ സോളാർ പദ്ധതികൾ വിജയകരമാവുകയും ചെയ്യുന്നതോടെ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി നമുക്ക് ഇവിടെ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. കെ.എസ്.ഇ.ബിയുടെ 110 കെ.വി.എരമല്ലൂർ സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സബ്‌സ്റ്റേഷനോടൊപ്പം 110 കെ.വി. കുടപുറം-എരമല്ലൂർ ട്രാൻസ്മിഷൻ ലൈനും പ്രവർത്തനം തുടങ്ങി. ഒരു ലക്ഷത്തിലേറെ വരുന്ന വൈദ്യുതി ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ചിന്നാർ പ്രോജക്ടിന്റെ നടപടികൾ തുടങ്ങിക്കഴിഞ്ഞു. മാങ്കുളം പ്രോജക്ടും ആരംഭിക്കാൻ പോവുകയാണ്. നിലവിൽ മഴ പെയ്ത സാഹചര്യത്തിൽ പവർകട്ട് ഭീഷണി ഒഴിവായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സമ്പൂർണ വൈദ്യുതീകരണം ഇന്ത്യയിൽ ആദ്യം പൂർത്തിയാക്കിയ സംസ്ഥാനമാണ് കേരളമെന്ന് നമുക്ക് അഭിമാനത്തോടെ പറയാം. കഴിഞ്ഞ പ്രളയത്തിൽ 820 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വലിയ പ്രളയത്തിൽ ബോർഡിന് ഉണ്ടായത്. ഒരു ലക്ഷം പോസ്റ്റ് പോയി. 5000 കിലോമീറ്റർ ലൈൻ പോയി. 26 ലക്ഷം കണക്ഷൻ പോയി. പത്ത് ദിവസം കൊണ്ട് കണക്ഷനുകൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞുവെന്നത് ബോർഡിന്റെയും വകുപ്പിന്റെയും കാര്യക്ഷമതയാണ് വിളിച്ചറിയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എഴുപുന്ന പഞ്ചായത്ത് കോന്നനാട് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ എ.എം.ആരിഫ് എം.പി. അധ്യക്ഷത വഹിച്ചു.