ആലപ്പുഴ: ആഭ്യന്തരമായി എത്ര കയർ ഉൽപ്പാദിപ്പിച്ചാലും സംസ്ഥാന സർക്കാർ അതു സംഭരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെർച്ച്വൽ പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന കയർ കേരള 2021ന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കയർ വ്യവസായത്തിൽ യന്ത്രവൽക്കരണവും ആധുനികവല്‍ക്കരണവും അത്യാവശ്യമാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടുള്ള യന്ത്രവൽക്കരണമാണ് സർക്കാർ കേരളത്തിൽ നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സർക്കാരിന്‍റെ കാലയളവിൽ കയർതൊഴിലാളികളുടെ ശരാശരി വാർഷിക വരുമാനം ഇരട്ടിയായി. 585 കയർസംഘങ്ങളിൽ 385 എണ്ണം ലാഭത്തിലായി. രണ്ടാം കയർ പുനസംഘടന കയറിന്‍റെ പ്രൗഢി തിരിച്ചുകൊണ്ടുവന്നു. കയർ കേരള കയർ കോവിഡിന് ശേഷമുള്ള കയർ വ്യവസായത്തിന്‍റെ വളർച്ചയ്ക്കു സഹായകരമാകുമെന്നും മുഖ്യമന്ത്ര പഫഞ്ഞു. നാനൂറോളം ഉപഭോക്താക്കളാണ് കയർ കേരള ഫെസ്റ്റിൽ പങ്കെടുക്കുന്നത്. അതിൽ നൂറുപേർ വിദേശത്തു നിന്നുള്ളവരാണ്.
കയർഫെഡിന്‍റെ കയർ സംഭരണ കണക്കുകൾ തന്നെ ഈ വ്യവസായത്തിന് ഉണ്ടായ വളർച്ച വ്യക്തമാക്കുന്നു. കയർ ഉത്പാദനം എഴുപതിനായിരം ക്വിന്‍റലിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടു ലക്ഷത്തിലേക്ക് വർധിച്ചു. ഈ സാമ്പത്തിക വർഷം ഉൽപ്പാദനം നാല് ലക്ഷം ക്വിന്‍റലിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചകിരിയുടെ 42 ശതമാനത്തോളം ആഭ്യന്തര വിപണിയിൽ നിന്ന് തന്നെ കണ്ടെത്താനാവുക എന്നത് വലിയ കാര്യമാണ്. 157 പുതിയ ചകിരി മില്ലുകൾ സ്ഥാപിച്ചെന്നും കയർ വ്യവസായം മടങ്ങിയെത്തുന്ന പ്രവാസികൾക്കും വൻ സാധ്യതകൾ തുറക്കുന്നതാണെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.