ആലപ്പുഴ: കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്‌ത ദ്വിദിന ദേശീയ പണിമുടക്ക് ആലപ്പുഴ ജില്ലയിൽ പൂർണം. പണിമുടക്ക് ജില്ലയിൽ ഹർത്താലായി മാറി. ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ ആലപ്പുഴ വലിയമാർക്കറ്റ്, കായംകുളം മാർക്കറ്റ്, ചേർത്തല മാർക്കറ്റ് എന്നിവിടങ്ങളിൽ കടകൾ എല്ലാം പൂർണമായും അടഞ്ഞുകിടക്കുകയാണ്.
കടകമ്പോളങ്ങളും ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നില്ല. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെട്രോൾ പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ പുന്നമട ഭാഗത്ത് പണിമുടക്കിൽ വിദേശ വിനോദ സഞ്ചാരികൾ വാഹന സൗകര്യമില്ലാതെ വലഞ്ഞു. ഇവരെ പിന്നീട് സ്വകാര്യ ഇരുചക്ര വാഹനങ്ങളിൽ താമസ സ്ഥലങ്ങളിൽ എത്തിച്ചു.
പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ പ്രഖ്യാപിച്ച ഗ്രാമീണ ബന്ദും ജില്ലയിൽ പൂർണമാണ്. കാർഷിക മേഖലകളായ കുട്ടനാട്, അപ്പർ കുട്ടനാട്, ചെന്നിത്തല, മാന്നാർ പ്രദേശങ്ങളില്‍ നിരവധി കർഷകരും കർഷക തൊഴിലാളികളുമാണ് പങ്കെടുക്കുന്നത്. സ്വകാര്യ വാഹനം നിരത്തിലിറക്കാതെയും ട്രെയിൻ യാത്ര ഒഴിവാക്കിയും ജനങ്ങൾ സഹകരിക്കണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർഥിച്ചിട്ടുണ്ട്.
പണിമുടക്ക് സംഘടിപ്പിക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ പലയിടത്തും പ്രതിഷേധ - ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളായ പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, സി ബി ചന്ദ്രബാബു, പി ഗ്യാനകുമാർ, ടി ജെ ആഞ്ചലോസ് തുടങ്ങിയവർ വിവിധയിടങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക് നേതൃത്വം നൽകി. നൂറുകണക്കിന് തൊഴിലാളികളാണ് ഓരോ പ്രകടനത്തിലും പങ്കാളികളായത്.