ആലപ്പുഴ : സംഗീതത്തിന്‍റെ 'ഹൃദയം' തൊട്ടറിഞ്ഞ് തന്നെയാണ് ആലപ്പുഴക്കാരൻ ഹിഷാം അബ്‌ദുൽ വഹാബ് എന്ന സംഗീതജ്ഞന്‍റെ പ്രയാണം. 2007ൽ സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായി തുടങ്ങിയ ഹിഷാമിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലെ അറിയപ്പെടുന്ന പിന്നണി ഗായകൻ എന്നത് കൂടാതെ സംഗീത സംവിധായകരുടെ പട്ടികയിലും ഇടംപിടിച്ചിരിക്കുകയാണ് ഹിഷാം.
2015ൽ സാമി യൂസുഫിന്‍റെ സംഗീത ആൽബം 'ഖദം ബിദാ'യിലെ സംഗീത സംവിധാനമാണ് ഹിഷാമിനെ കൂടുതൽ പ്രസിദ്ധനാക്കിയത്. അതേവർഷം തന്നെ മലയാളത്തിൽ പുറത്തിറങ്ങിയ 'സാൾട്ട് മാംഗോ ട്രീ' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി രംഗപ്രവേശം. ഗായകൻ എന്നതിന് പുറമെ സംഗീത നിർമാതാവ്, ഓഡിയോ എഞ്ചിനീയർ എന്നീ നിലകളിലും ഹിഷാം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
കർണാടിക്, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ പ്രൊഫഷണൽ പരിശീലനം നേടിയ ഹിഷാം സംഗീത പഠന കാലത്ത് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വേണ്ടിയാണ് സൗദിയിൽ നിന്ന് കേരളത്തിലേക്ക് ചേക്കേറുന്നത്. തമിഴ്, മലയാള ഭാഷകളിലായി 25ലേറെ ചലച്ചിത്രങ്ങളിൽ പിന്നണി ഗായകനായും ഹിന്ദി, മലയാളം ഭാഷകളിലായി 10ലേറെ ചിത്രങ്ങളിൽ സംഗീത സംവിധായകനായും വേഷമിട്ടു. പലതിനും ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഹിഷാമിനെ തേടിയെത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവിൽ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ 'ഹൃദയം' എന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഹിഷാം സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രത്തിലെ 'ദർശനാ', 'ഉണക്കമുന്തിരി' എന്നീ പാട്ടുകൾ ഹിറ്റായതോടെ ഹിഷാം തെന്നിന്ത്യൻ ചലച്ചിത്ര ആരാധക ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ്.
15 ഗാനങ്ങളാണ് 'ഹൃദയത്തിൽ' ഉണ്ടായിരുന്നത്. ഒരു സിനിമയിൽ ഇത്രയധികം പാട്ടുകൾ ഉൾപ്പെടുത്തുമ്പോൾ ആളുകൾ അതിനെ എങ്ങനെ സ്വീകരിക്കുമെന്നത് ആശങ്കയുണ്ടായിരുന്നു. എന്നാൽ സിനിമയും അതിലെ ഗാനങ്ങളും പ്രേക്ഷകർ ഹർഷാരവങ്ങളോടെ സ്വീകരിച്ചതോടെ അവ മാറിയെന്നും സിനിമയിൽ ഒരിടത്ത് പോലും പേരിന് വേണ്ടി ഗാനങ്ങൾ ചെയ്‌തു എന്ന തോന്നൽ ഉണ്ടാക്കിയിട്ടില്ലെന്നും ഹിഷാം പറയുന്നു.
യേശുദാസാണ് ഹിഷാമിന്‍റെ ഇഷ്‌ടഗായകൻ. സംഗീത രംഗത്ത് ഒരുപാട് ദൂരം പ്രഗത്ഭർക്കൊപ്പം യാത്ര ചെയ്യണമെന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെയാണ് സൗദി വാസവും ദുബായിലെ സൗണ്ട് എഞ്ചിനീയർ ജോലിയും ഉപേക്ഷിച്ച് നാട്ടിലേക്ക് ചേക്കേറിയത്. വരും വർഷങ്ങളിൽ ഹിഷാമിന്‍റെ മാസ്‌മരിക ശബ്‌ദത്തിലും സംഗീത സംവിധാനത്തിലും കൂടുതൽ മെഗാഹിറ്റുകൾ പിറവികൊള്ളുമെന്നാണ് ആരാധക ലോകത്തിന്‍റെ പ്രതീക്ഷ.