ആലപ്പുഴ: ശബരിമല വിഷയത്തിൽ കോടതിവിധി വിശ്വാസികൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് പാർട്ടിക്കുള്ളതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്. ശബരിമല സ്ത്രീപ്രവേശന വിധി നേരത്തെ വിശ്വാസികൾക്കെതിരാവാനുള്ള പ്രധാന കാരണം സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാടാണ്. ശബരിമലയുടെ ചരിത്രവും പാരമ്പര്യവും അവിടുത്തെ താന്ത്രിക സാഹചര്യങ്ങളും വിശ്വാസികളുടെ വികാരവും ഒന്നും തന്നെ സംസ്ഥാന സർക്കാർ കണക്കിലെടുത്തില്ല. വിഷയത്തിൽ സർക്കാർ തികഞ്ഞ പരാജയമായിരുന്നെന്നും രമേശ് ആരോപിച്ചു.
ശബരിമല കേസിന്‍റെ എല്ലാ ഘട്ടങ്ങളിലും ബിജെപി പറഞ്ഞത് സുപ്രീംകോടതിയുടെ നിരീക്ഷണം ശരിയാണെന്ന് തന്നെയാണ്. സുപ്രീംകോടതി വിധിയെ ഒരിക്കലും ബിജെപി ചോദ്യം ചെയ്തിട്ടില്ല. കോടതി വിധിയെ മറികടക്കാൻ ആവശ്യമുള്ള ഭരണഘടനാപരമായ വഴികളും കേന്ദ്ര സർക്കാർ സ്വീകരിക്കും. വിശ്വാസികളോടൊപ്പമാണ് ബിജെപി. വിശ്വാസികളുടെ വികാരം മാനിക്കാതെ വിധിയുണ്ടായാൽ അതിനെ മറികടക്കാൻ ആവശ്യമായ മറ്റ് വഴികളെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുമെന്ന് നേരത്തെ കേന്ദ്രസർക്കാർ പറഞ്ഞിട്ടുണ്ടെന്നും എം. ടി. രമേശ് വ്യക്തമാക്കി.
ശബരിമല കേസിലെ കോടതി വിധിയിൽ പുന:പരിശോധനാ ഹർജി സുപ്രീം കോടതിക്ക് മുമ്പാകെ കൊണ്ടുവരാൻ മുതിർന്ന അഭിഭാഷകന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് നാളത്തെ വിധി വിശ്വാസികൾക്ക് അനുകൂലമാകുമെന്ന് തന്നെയാണ് ബിജെപി ഉൾപ്പെടെ എല്ലാവരുടെയും പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.