ആലപ്പുഴ: രണ്ടുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ കയര്‍ ഉല്‍പാദനം രണ്ടര മടങ്ങിലേറെ വര്‍ധിച്ചതായി സംസ്ഥാന ധനകാര്യ -കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. കഴിഞ്ഞ പത്തുവര്‍ഷത്തെ ശരാശരി കയര്‍ ഉല്‍പാദനം 8000 ടണ്ണിന് താഴെ മാത്രമായിരുന്നെങ്കില്‍ ഇക്കൊല്ലം അത് 20,000 ടണ്‍ ആയി കുത്തനെ ഉയര്‍ന്നുവെന്നും വരും വര്‍ഷം ഇത് 40,000 ടണ്‍ ആകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കയര്‍ബോര്‍ഡ് മുഖേന നടപ്പാക്കുന്ന സ്ഫുര്‍ത്തി പദ്ധതിയില്‍ അനുവദിച്ച അമ്പലപ്പുഴ താലൂക്ക് കയര്‍ ക്ലസ്റ്റര്‍ വികസന പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം പാതിരപ്പള്ളി എയ്ഞ്ചല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോ മെറ്റീരിയല്‍ ബാങ്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കുറച്ചുവര്‍ഷങ്ങളായി പ്രതിസന്ധി നേരിടുന്ന സംസ്ഥാന കയര്‍മേഖലക്ക് രണ്ടാംജന്മം നല്‍കണമെന്ന സമീപനമാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളിലൂന്നി കയര്‍മേഖല അടിമുടി പരിഷ്‌കരിക്കുന്നതിന് തീവ്രയത്നമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അതിന് ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനം സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.