ആലപ്പുഴ: സൗകര്യമില്ലാത്തെ ക്ലാസ് മുറികളും, തകർന്ന് വീഴാറായ കെട്ടിടങ്ങളും കൊണ്ട് ദുരിതത്തിലായ ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്‌സ് ഹയർ സെക്കന്‍ഡറി സ്‌കൂളിന്‍റെ അടിസ്ഥാന സൗകര്യവികസനത്തിന് അടിയന്തര ഇടപെടലുമായി കൃഷിമന്ത്രി പി പ്രസാദ്. ഇതിനായി, ചേര്‍ത്തല എം.എല്‍.എ കൂടിയായ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം സ്‌കൂളില്‍ വിളിച്ചുചേര്‍ത്തു.
ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയം, നേരിട്ടത് വന്‍ അവഗണന
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്‌കൂളിന്‍റെ വികസനം നടപ്പാക്കും. സ്‌കൂളിൻ്റെ വികസനത്തിന് അധ്യാപകരും രക്ഷിതാക്കളും നഗരസഭയും ഒറ്റക്കെട്ടായി നീങ്ങണമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടിയ്ക്ക് അദ്ദേഹം നിർദേശം നൽകി. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളെല്ലാം ഹൈടെക്കായി മാറുമ്പോഴും ചരിത്രത്തിൽ അടയാളപ്പെട്ട, ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള ശ്രീനാരായണ സ്‌കൂള്‍ വലിയ അവഗണനയാണ് നേരിട്ടിരുന്നത്.
നവംബർ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോൾ വിദ്യാർഥികൾ എവിടെയിരുന്ന് പഠിയ്ക്കുമെന്നത് ചോദ്യചിഹ്നമായിരുന്നു. ഈ ഘട്ടത്തിലാണ് കൃഷി മന്ത്രിയുടെ ഇടപെടല്‍. എന്നാല്‍, സ്‌കൂളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് അധ്യാപകരോ പി.ടി.എ കമ്മിറ്റിയോ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് മന്ത്രി വിമർശനം ഉന്നയിച്ചു.
നഗരസഭ നേരത്തെ സമർപ്പിച്ച മാസ്റ്റർ പ്ലാൻ മാത്രമാണ് നിലവിലുള്ളത്. നഗരസഭ ചെയർപേഴ്‌സണ്‍ ഷേർളി ഭാർഗവൻ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് അധ്യക്ഷ ഷീജ സന്തോഷ്, കൗൺസിലർ രാജശ്രീ ജ്യോതിഷ്, അസി. എഞ്ചിനീയർ സുനിൽ ഡിക്രൂസ് തുടങ്ങിയവര്‍ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.