ആന്‍റണി വര്‍ഗീസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'കൊണ്ടല്‍'. സെപ്‌റ്റംബര്‍ 12ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച രീതിയില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'മച്ചാ നീ സൂപ്പർ' എന്ന ഗാനത്തിന്‍റെ പ്രൊമോയാണ് പുറത്തിറങ്ങിയത്. പ്രൊമോ ഗാനത്തില്‍ സിനിമയുടെ മേക്കിംഗ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൻഫീർ കെയുടെ ഗാന രചനയില്‍ സിയ ഉൾ ഹഖ്, ഷിബു സുകുമാരൻ, റിയാസ് പട്ടാമ്പി എന്നിവർ ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
റിയാസ് പട്ടാമ്പി, ഷിബു സുകുമാരൻ എന്നിവർ ചേർന്നാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനത്തിൽ, സിനിമയിലെ ബിഹൈൻഡ് ദ സീൻസ് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്ഷനും നൃത്തവും അതിന്‍റെ ചിത്രീകരണവും ഈ പ്രോമോ ഗാനത്തിന്‍റെ വീഡിയോയിൽ കാണാനാകും.
സിനിമയുടെ 80 ശതമാനവും കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കടലിനുളിൽ ഒരു ബോട്ടിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് 'കൊണ്ടലി'ന്‍റെ ഹൈലൈറ്റ്. ബോട്ടിലും വെള്ളത്തിനിടയിലും വെച്ചുള്ള സംഘട്ടനവും, കൊമ്പൻ സ്രാവിന്‍റെ ആക്രമണ രംഗങ്ങളും ഒക്കെയായി പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഈ ചിത്രം, യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ കയ്യടികളോടെ സ്വീകരിച്ചിരിക്കുകയാണ്.
ആന്‍റണി വർഗീസിനെ കൂടാതെ രാജ് ബി ഷെട്ടി, നന്ദു, ഷബീർ കല്ലറക്കൽ, മണികണ്‌ഠൻ ആചാരി, രാഹുൽ രാജഗോപാൽ, ഗൗതമി നായർ, ശരത് സഭ, അഭിരാം, പ്രമോദ് വെളിയനാട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. നവാഗതനായ അജിത് മാമ്പള്ളിയാണ് സിനിമയുടെ സംവിധാനം. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.
സംവിധായകൻ അജിത്ത്, റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവര്‍ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. ദീപക് ഡി മേനോൻ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് ചിത്രസംയോജനവും നിര്‍വ്വഹിച്ചു.
കലാസംവിധാനം - അരുൺ കൃഷ്‍ണ, മേക്കപ്പ് - അമൽ കുമാർ, വസ്‍ത്രാലങ്കാരം - നിസാർ റഹ്‍മത്, ആക്ഷൻ - വിക്രം മോർ, കലൈ കിംഗ്‌സൺ, തവാസി രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പു, പ്രൊഡക്ഷൻ ഡിസൈനർ - വിനോദ് രവീന്ദ്രൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി എന്നിവരും നിര്‍വഹിച്ചു.
Also Read:'കടല് നീ കാണാന്‍ കിടക്കുന്നതെ ഉള്ളൂ' നടുക്കടലില്‍ പെപ്പെയുടെ ആക്ഷൻ - Kondal trailer